പഞ്ചകുല (ചണ്ഡീഗഢ്): സുരക്ഷിതമെന്ന് കരുതി മാതാപിതാക്കൾ പറഞ്ഞയച്ച സ്കൂൾ മുറ്റത്ത് ആറുവയസ്സുകാരിയായ കിന്റർഗാർട്ടൻ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ ആക്രമണം. ഹരിയാനയിലെ പഞ്ചകുല സെക്ടർ 20-ലുള്ള സംസ്കൃതി മോഡൽ സ്കൂളിലാണ് മൂന്നാം ക്ലാസുകാരൻ കെ.ജി. വിദ്യാർഥിനിയെ ക്രൂരമായി തല്ലിച്ചതച്ചത്.
സംഭവം ഇങ്ങനെ: സ്കൂൾ സമയത്തിനിടയിലാണ് മൂന്നാം ക്ലാസ് വിദ്യാർഥി ആറുവയസ്സുകാരിയെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയത്. കല്ലുകൾ പെറുക്കിയെടുത്ത് കുട്ടിയെ എറിയുകയും തുടർന്ന് അടുത്തുകണ്ട ചെടിച്ചട്ടി എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. ഇതിനുപുറമേ, ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി കുട്ടിയുടെ തല ഡെസ്കിൽ തുടരെത്തുടരെ ഇടിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായ ശേഷവും മുടിയിൽ പിടിച്ച് വലിച്ച് നിലത്തുകൂടി വലിച്ചിഴച്ചതായും റിപ്പോർട്ടുകളുണ്ട്. വിദ്യാർത്ഥിനിയെ രക്ഷിതാക്കള്‍ കൊണ്ട് പോവാന്‍ വന്നപ്പോള്‍ ഈ വിദ്യാർത്ഥി തന്നെയാണ് അവരെ കുട്ടിയുടെ അടുത്തേക്ക് എത്തിച്ചത്. നിങ്ങളുടെ മകള്‍ ഇവിടെ വീണ് കിടക്കുന്നു എന്നായിരുന്നു അവന് അവരോട് പറഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം സെക്ടർ 6-ലെ സിവിൽ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് ചണ്ഡിഗഢിലെ പി.ജി.ഐ.എം.ഇ.ആർ (PGIMER) ആശുപത്രിയിലേക്കും മാറ്റി. തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ കുട്ടി നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധം: പ്രിൻസിപ്പലിന്റെ മുറിയിൽ സിസിടിവി നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നിട്ടും ഈ ക്രൂരകൃത്യം ആരും കാണാതെ പോയത് വലിയ സുരക്ഷാവീഴ്ചയാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവം അതീവ ഗൗരവത്തോടെ കണ്ട ഹരിയാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (HSCPCR) വിഷയത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടിയെ അക്രമത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പോലീസും ചൈൽഡ് ലൈൻ അധികൃതരും അന്വേഷണം ഊർജിതമാക്കി.
മാതാപിതാക്കളോട്
കുട്ടികൾ കാണുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങളിലും അവരുടെ പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുക. ദേഷ്യവും അക്രമവാസനയും കണ്ടില്ലെന്ന് നടിക്കരുത്. മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാൻ പഠിപ്പിക്കുന്നതിനൊപ്പം സ്കൂളുകളിലും പരിസരങ്ങളിലും കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരം ജാഗ്രത പാലിക്കുക.