ലണ്ടന്‍: കായിക ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് യോഗമില്ലാതെ ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പ്. പാക്കിസ്ഥാനെതിരെയുള്ള സെമിഫൈനല്‍ മത്സരവും ഇന്ത്യ ബഹിഷ്‌കരിച്ചു. എതിരാളി പാക്കിസ്ഥാനായത് തന്നെയായിരുന്നു കാരണം. പഹല്‍ഗാം ആക്രമണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ പശ്ചാത്തലവുമാണ് ബഹിഷ്‌കരണത്തിന് കാരണം. തീരുമാനം ടീം സംഘാടകരായ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലും പാക്കിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ആ ബഹിഷ്‌കരണത്തിന് പിന്നാലെ താരങ്ങള്‍ തമ്മിലുള്ള വാക്ക് പോരിനും സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ശിഖാര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, യുവരാജ് സിംഗ് തുടങ്ങിയവരായിരുന്നു ആദ്യം മത്സരത്തിനുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചത്. സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എന്ത് സംഭവിച്ചാലും പാക്കിസ്ഥാനെതിരെയുള്ള കളിക്ക് താനില്ലെന്ന നിലപാട് അന്ന് പരസ്യമാക്കിയത് ശിഖര്‍ ധവാനായിരുന്നു.
ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പാക്കിസ്ഥാന്‍ സെമിഫൈനലിലേക്ക് കടന്നത്. ഇന്ത്യ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചായിരുന്നു ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായി സെമിയില്‍ കടന്നത്. ഇതോടെ ആദ്യ സ്ഥാനക്കാരും നാലാം സ്ഥാനക്കാരും മത്സരം എന്ന കാരണത്താല്‍ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തിന് വേദിയൊരുങ്ങുകയായിരുന്നു. ഇതോടെ വാക്കോവറായി പാക്കിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചു. നാളെ നടക്കുന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനലിലെ വിജയികളാവും പാക്കിസ്ഥാന്‍റെ എതിരാളികള്‍.