ന്യുയോര്‍ക്ക്/ജറുസലേം: ഫലസ്തീന്‍ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് പ്രത്യേക ചട്ടക്കൂടോടും കൂടിയുള്ള അംഗീകാരത്തിന് അനുമതി നല്‍കി അന്താരാഷ്ട്ര സമ്മേളനം ന്യൂയോര്‍ക്കില്‍ അവസാനിച്ചു. സഊദി അറേബ്യയും ഫ്രാന്‍സും ആതിഥേയത്വം വഹിച്ചായിരുന്നു സമ്മേളനം അരങ്ങേറിയത്. ദ്വിരാഷ്ട്ര പരിഹാരത്തിന് അന്തിമ രൂപരേഖ സമര്‍പ്പിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്.
‘ഗസ്സ ഫലസ്തീന്‍റെ പ്രധാന നഗരമാണ്, അത് വെസ്റ്റ് ബാങ്കുമായി വീണ്ടും ചേരണം, ഫലസ്തീനികള്‍ക്കെതിരായി നടക്കുന്ന ആക്രമണവും പീഡനവും അവസാനിപ്പിക്കണം, ഗസ്സയില്‍ യുദ്ധം പെട്ടെന്ന് തന്നെ അവസാനിപ്പിക്കണം, അവിടെ നിന്നുള്ള കുടിയിറക്കലും നിര്‍ത്തലാക്കണം, ഫലസ്തീനില്‍ അവരുടെ അതോറിറ്റിയുടെ കീഴില്‍ തന്നെ പുതിയൊരു ഭരണ സമിതി ഉടന്‍ നിലവില്‍ വരണം, ഹമാസും ഇത് അംഗീകരിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യണം, ഗസ്സയുടെ നിയന്ത്രണത്തില്‍ നിന്ന് പിന്മാറുകയും ആയുധം സരുക്ഷാ സേനയ്ക്ക് നല്‍കണമെന്നും’ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
അതേ സമയം ഇസ്രേയല്‍ തങ്ങളുടെ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ‘ഗാസയിലെ വെടിയൊച്ച നിലക്കണം, വെസ്റ്റ് ബാങ്കില്‍ അധിനിവേശം ഉണ്ടാവരുത്’, ഇത് പാലിച്ചില്ലെങ്കില്‍ സെപ്റ്റംബറില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കും. ഹമാസിനും ഇതേ പോലെ ആവശ്യങ്ങള്‍ മുന്നില്‍ വെക്കുന്നു. വെടിനിര്‍ത്തലിന് സമ്മതിക്കണമെന്നും എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഗാസയുടെ ഭരണത്തില്‍ ഒരു പങ്കുമുണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടന്‍റെ ശാസന പാടെ തിരസ്‌കരിക്കുന്നുവെന്നും ഗാസയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഇസ്രയേല്‍ സുരക്ഷാമന്ത്രി സീവ് എല്‍കിന്‍ പറഞ്ഞു. ‘ഞങ്ങളുടെ ശത്രുവിന് അവരുടെ ഭൂമി നഷ്ടപ്പെടലാണ് വലിയ പരാജയം, അവരുടെ പ്രദേശം അവര്‍ക്ക് നഷ്ടപ്പെടുമെന്നും’ അദ്ദേഹം പറഞ്ഞു.
ഇന്നലെയും ഫലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം നടന്നു. ഭക്ഷണ വിതരണ ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ കൂടി പട്ടിണി മൂലം മരണപ്പെട്ടു. ഇതോടെ ഗാസയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പട്ടിണി മരണം മാത്രം 110 ആയി.