ഇസ്ലാമാബാദ്: ലോകം ഇമവെട്ടാതെ കാത്തുനിന്ന ഇറാന്‍-അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച ഇരുപക്ഷവും പൂര്‍ണ്ണമായി അംഗീകരിക്കാതെ പിരിച്ച് വിടുകയായിരുന്നു. അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നുവെന്ന് വാന്‍സ് അറിയിച്ചു. ഇപ്പോഴും പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും ഒരു ചര്‍ച്ച കൊണ്ട് മാത്രം തീരുമാനിക്കപ്പെടുന്നതായി പ്രതീക്ഷിച്ചിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു
ചര്‍ച്ചയ്ക്കായി യുഎസില്‍ നിന്ന് ജെഡി വാന്‍സിനോടൊപ്പം സ്റ്റീവ് വിട്ട്‌കോഫും ട്രംപിന്‍റെ മരുമകനും പ്രസിഡണ്ടിന്‍റെ ഉപദേശകനുമായി ജാര്‍ഡ് കുശനര്‍ എന്നിവരും ഇറാനില്‍ നിന്ന് ഇറാന്‍ പാര്‍ലമെന്‍റെ വക്താവ് മുഹമ്മദ് ബാഗര്‍ ഖലീവഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗാച്ചിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പാക്കിസ്ഥാനില്‍ നിന്ന് മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫും, അസീം മുനീറും, ഇസ്ഹാഖ് ദറും കൂടെയുണ്ടായിരുന്നു.
ചര്‍ച്ച പരാജയപ്പെട്ട രണ്ട് പ്രധാന ആവശ്യങ്ങള്‍
യുറാനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തണമെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്, ഇറാന്‍റെ മരവിപ്പിച്ച സാമ്പത്തീക സ്രോതസ്സുകള്‍ മോചിപ്പിക്കണമെന്നും. ഇതോടൊപ്പം ഇറാന്‍ മുന്നോട്ട് വെച്ച ചില കാര്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ലെബനാനെ ഉള്‍പ്പെടുത്തണമെന്നും അതോടൊപ്പം ഹു്രര്‍മുസിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഇറാന്‍റെ കയ്യിലാവണമെന്നുമായിരുന്നു.

രണ്ട് കാര്യങ്ങളൊഴികെ ബാക്കി എല്ലാ കാര്യങ്ങളിലും ഏകദേശം ധാരണയുള്ളതായി ഇറാന്‍ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലത്തത് കൊണ്ട് മടങ്ങുന്നുവെന്നാണ് വാന്‍സ് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞത്.
ചര്‍ച്ച വിജയിക്കാത്തതിനാല്‍ ഹുര്‍മുസ് അടഞ്ഞ് തന്നെ കിടക്കുമെന്നാണ് ഇറാന്‍ വക്താക്കള്‍ അറിയിച്ചത്. അതിലൂടെ കടന്ന് പോവുന്നവര്‍ക്ക് പിഴ ഈടാക്കുമെന്നും അവര്‍ അറിയിച്ചു. ഹുര്‍മുസിലൂടെ അമേരിക്കയുടെ രണ്ട് കപ്പല്‍ കടന്ന് പോയെന്നാണ് അമേരിക്ക അവകാശപ്പെട്ടത്, പക്ഷേ അമേരിക്കയുടെ ഒരു കപ്പലും ഇതിലൂടെ കടന്ന് പോയില്ലെന്നായിരുന്നു ഇറാന്‍റെ വാദം.
ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഇനിയെന്ത് എന്ന ചോദ്യത്തിലാണ് ലോകം. രണ്ടാഴ്ച്ചയോളം വെടനിര്‍ത്തലുണ്ടാവുമോ എന്നു പോലം പ്രതീക്ഷിക്കപ്പെടുന്നില്ല. ചര്‍ച്ച തുടരുന്ന നിമിഷത്തില്‍ പോലും ലെബനാനില്‍ ഇസ്രയേലിന്‍റെ ആക്രമണം നടന്നു. ഇറാനെതിരെയുള്ള ആക്രമണം തുടരുമെന്നും ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.