തിരുവനന്തപുരം: വനിതാ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ വഞ്ചിയൂര്‍ കോടതയിലെ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കാറില്‍ സഞ്ചരിക്കവേ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് സെഷന്‍ കോടതിയില്‍ ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
കഴക്കൂട്ടം ഭാഗത്തേക്ക് പ്രതി സഞ്ചരിക്കുന്നതായി പോലീസിന് വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാനായി പോലീസ് വ്യാപകമായി വലവിരിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് തുമ്പ പോലീസ് ഇയാളെ പിടികൂടിയത്.
‘ശ്യാമിലിയായിരുന്നു ആദ്യം പ്രകോടപനമുണ്ടാക്കിയതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള തെറ്റുകളൊന്നും തന്നില്‍ നിന്നുണ്ടായിട്ടില്ലെന്നും ആ ദേഷ്യത്തില്‍ സംഭവിച്ചു പോയതാണെന്നും ഈ കുറ്റം നിലനില്‍ക്കില്ലെന്നും’ ഇയാള്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് ജൂനിയര്‍ അഭിഭാഷകയായിരുന്ന ജെ വി ശ്യാമിലിയെ ബെയ്‌ലിന്‍ ദാസ് അക്രമിച്ചത്. തുടര്‍ന്ന് വിഷയം കേസായപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സിലും ബാര്‍ അസോസിയേഷനും ഇയാളെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോട് നന്ദിയും കടപ്പാടുമുണ്ടെന്നും ശ്യാമിലി പ്രതികരിച്ചു.
തുമ്പ സ്റ്റേഷനില്‍ നിന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് എത്തിച്ച പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം നാളെ കോടതയില്‍ ഹാജരാക്കും.