കാസറഗോഡ്: കാസറഗോഡ് കുമ്പള ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ കലോത്സവത്തില്‍ ഗസ്സ പ്രമേയവുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ വിവാദത്തിലായതോടെ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. നിലപാട് വിശദീകരിച്ച് അദ്ധ്യാപകര്‍ക്ക് രൂക്ഷ വിമര്‍ശനവുമായാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഫൈസ് ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. ഗസ്സ പ്രമേയമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ഷോ പൂര്‍ത്തിയാക്കുന്നതിനിടെ അദ്ധ്യാപകര്‍ കയറി കര്‍ട്ടണിടുകയായിരുന്നു.
മൈം ഷോ അവതരിപ്പിച്ചവരെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുവെന്നും അദ്ധ്യാകനെതിരെ നടപടി സ്വീകരിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ടു. ഇന്നലെ വിവാദത്തിനെതിരെ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സംസാരിക്കുകയായിരുന്നു എംഎസ്എഫ് നേതാക്കള്‍
അതേ സമയം സംഭവത്തില്‍ നേരിട്ട് മന്ത്രി ഇടപെടുകയും വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വേദിയില്‍ മൈം ഷോ അവതരിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളം എന്നും ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണെന്നും ഫലസ്തീന്‍ വിഷയവുമായി അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.
ഫൈസ്ബക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
കാസറഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തി വെയ്പ്പിക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടിയന്തിരമായ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം, ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച് മൈം തടയാന്‍ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.’