തിരുവന്തപുരം: കേരളം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ചൂടില്‍ സജീവമായി നിലകൊള്ളുന്നു. തെക്കില്‍ ഇന്ന് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ വടക്കിലിന്ന് പ്രവര്‍ത്തകര്‍ക്ക് കലാശക്കൊട്ടാണ്. ഇതിനിടെയാണ് വിവാദ പോസ്റ്റുമായി ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്തുവന്നത്. പെരുമാറ്റച്ചട്ട ലംഘനമെന്നാരോപിച്ച് ഇരു വിഭാഗവും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.
തദ്ദേശ തെരെഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശരാശരി 51 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പടുത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലും (50.02%) ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്തുമാണ് (43.54%). മറ്റു ജില്ലകളുടെ പോളിംഗ് നില: കൊല്ലം (47.31%), പത്തനംതിട്ട (46.08%), കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01) എന്നിങ്ങനെയാണ്.
ഏഴു ജില്ലകളില്‍ ഇന്ന് പോളിംഗ് നടക്കുന്നത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും, 75 ബ്ലോക്ക് പഞ്ചായത്തുകളും, 7 ജില്ലാ പഞ്ചായത്തുകളും, 39 മുനിസിപ്പാലിറ്റികളും, 3 കോര്‍പ്പനേഷുകളും ഉള്‍പ്പെടുന്നു. 15432 പോളിങ് സ്‌റ്റേഷനുകളാണ് നിലവിലുള്ളത് ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ടാംഘട്ട തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന ഏഴു ജില്ലകളില്‍ ഇന്ന് കലാശക്കൊട്ടാണ്. ഏഴു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സംഗമിക്കുക. പോലീസിന്‍റെ കനത്ത ജാഗ്രത വലയത്തിലാണ് കലാശക്കൊട്ട് നടക്കുക. ഡിസംബർ 11ന് തെരെഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് കലാശക്കൊട്ടും നാളെ നിശബ്ദ പ്രചരണവും നടക്കുക.
ഇതിനിടെ മുന്‍ ഡിജിപിയും തിരുവന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖയുടെ പ്രീപോള്‍ സര്‍വേ പോസ്റ്റ് വലിയ വിവാദത്തിലേക്ക് കൊണ്ടെത്തിച്ചു. പോസ്റ്റ് വൈറലായതോടെ സിപിഎമ്മും കോണ്‍ഗ്രസും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും സൈബര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു. പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. പക്ഷേ പോസ്റ്റ് ഗൗരവമുള്ളതാണെന്നും കമ്മീഷന്‍ മുന്നോട്ടുവെച്ച നിയമത്തിനെതിരെയുള്ള ലംഘനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതിനെതിരെ നടപടി കൈകൊള്ളുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സര്‍വ്വേ ഫലമാണ് ശ്രീലേഖ ഫൈസ്ബുക്കില്‍ പങ്കുവെച്ചത്.