സോഷ്യല്‍ മീഡിയകളില്‍ അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് ഷാര്‍ജ പോലീസ്
ഷാര്‍ജ: നിര്‍മ്മാണ തൊഴിലാളികളുമായി സഞ്ചരിച്ച ബസ്സ് ഷാര്‍ജ ഖോര്‍ഫുകാനില്‍ നിയന്ത്രണം വിട്ട് അപടകത്തില്‍ പെട്ടു. ഒമ്പതു പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളുകളുടെ പേരു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. ഖോര്‍ഫുക്കാനിലെ ടണല്‍ കഴിഞ്ഞയുടനെയുള്ള റൗണ്ട് എബൗട്ടിലായിരുന്നു അപകടം സംഭവിച്ചത്. അജ്മാനിലെ സ്വകാര്യ കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്.
അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഡ്രൈവറിന് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടനെ പോലീസും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. സംഭവ സ്ഥലത്ത് തന്നെ 9 പേരും മരണപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ഫുജൈറയിലെയും ഷാര്‍ജയിലേയും വിവിധ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും ഒഫീഷ്യല്‍ ഉറവിടങ്ങളില്‍ നിന്ന് മാത്രം വാര്‍ത്തകള്‍ സ്വീകരിക്കണമെന്നും ജനങ്ങളോട് പോലീസ് നിര്‍ദ്ദേശിച്ചു.