ന്യൂഡല്‍ഹി: പ്ലസ്ടു കോഴ കേസില്‍ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇഡിയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി ശരി വെച്ചു. ബാലിശമായ കേസ് സമര്‍പ്പിച്ചതിന് സര്‍ക്കാരിനെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു. ജസ്റ്റസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളി ഉത്തരവിട്ടത്
കേസില്‍ സാക്ഷികളായ 54 പേരുടെ മൊഴികളിലൊന്നും അനുകൂലമായ പരാമര്‍ശമുണ്ടായിട്ടില്ലെന്നും കോഴ വാങ്ങിയതോ അതിന് സമ്മതിച്ചതുമായ മൊഴിയും രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. അത്തരത്തില്‍ ഒരാളുടെ മൊഴിയെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വ്യക്തമായ തെളിവുകളാണ് കേസിന് വേണ്ടതെന്നും കോടതി ഓര്‍മ്മിപ്പിച്ചു
അന്വേഷണം പൂര്‍ത്തിയായില്ലെന്നും സമയം അനുവദിക്കണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീല്‍ ചോദിച്ചെങ്കിലും ഇത്തരത്തില്‍ നിസ്സാരമായ കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ കേസിലകപ്പെടുത്തുന്ന സാഹചര്യം ഇനിയുണ്ടാവരുതെന്നും ഇത് അനുവദിച്ചാല്‍ ബാലിശമായ കാര്യങ്ങള്‍ക്ക് രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന് സര്‍ക്കാരിന് അനുമതി നല്‍കലാവുമെന്നും കോടതി നിരീക്ഷിച്ചു
2014ലാണ് കെ.എം. ഷാജി പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി വിജിലന്‍സിന് ലഭിച്ചത്. 2020ല്‍ കേസ് ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും ഇ ഡിയും സുപ്രീം കോടതിയെ സമീപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ നീരജ് കിഷന്‍ കൗളും ഹര്‍ഷദ് വി ഹമീദും ഹാജരായപ്പോള്‍ കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകര്‍ നിഖില്‍ ഗോയലും ഹാരിസ് ബീരാനും ഹാജരായി.
അതേ സമയം ഇത് പിണറായിക്ക് ഏറ്റ പ്രഹരമാണെന്ന് കെ.എം. ഷാജി പറഞ്ഞു. കേക്ക് മുറിച്ചാണ് വിധിയെ കെ എം ഷാജി സ്വാഗതം ചെയ്തത്.