കൊല്‍ക്കത്ത: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൊല്‍ക്കത്ത ആര്‍. ജി.കർ. മെഡിക്കല്‍ കോളേജിലെ പി. ജി. വിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. കേസിന്‍റെ ആദ്യാന്വേഷണം നടത്തിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും കൂടെ അറസ്റ്റിലായി. ഇന്ന് വൈകുന്നേരമാണ് സി. ബി. ഐ. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകള്‍ നശിപ്പിക്കുകയും അന്വേഷണം വഴിതിരിച്ച് വിടുകയും ചെയ്തുവെന്ന കേസിലാണ് ഇരുവരെയും സി. ബി. ഐ. അറസ്റ്റ് ചെയ്തത്.
വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണത്താല്‍ സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വെച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരുടെ സമരവും രാജത്താകമാനം വ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു തത്ക്കാലത്തേക്ക് സമരത്തിന് ഒത്തുതീര്‍പ്പുണ്ടായത്. വീണ്ടും സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചര്‍ച്ചക്ക് വിളിച്ചിരുന്നു. ചര്‍ച്ച ലൈവ് ടെലികാസ്റ്റ് ചെയ്യണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം മുഖ്യമന്ത്രി നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചര്‍ച്ച നടക്കാതെ ഡോക്ടര്‍മാര്‍ മടങ്ങിയത്. വൈകാതെയാണ് അറസ്റ്റ് രേഖപ്പെടുത്തപ്പെട്ടത്.
സാമ്പത്തീക ക്രമക്കേടുമായി ബന്ധപ്പെട്ട സന്ദീപ് ഘോഷിനെ നേരത്തെ തന്നെ സി. ബി. ഐ. അറസ്റ്റ് ചെയ്തിരുന്നു.2021 ഫെബ്രുവരിയിലാണ് ഇദ്ദേഹം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് അവരോധിതനായത്.
ഓഗസ്റ്റ് 9നായിരുന്നു ഡോക്ടര്‍ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 12നായിരുന്നു ആരോപണത്തെ തുടര്‍ന്ന് ഡോ.സന്ദീപ് ഘോഷ് തന്‍റെ സ്ഥാനം രാജിവെച്ചത്.