കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജികാര്‍ മെഡിക്കല്‍ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിനി കൊലചെയ്യപ്പെട്ട കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിഷേധം നീണ്ടാല്‍ രാജ്യത്ത് വലിയൊരു പ്രതിസന്ധി ഉടലെടുത്തേക്കും. ഫെഡറേഷന്‍ ഓഫ് റസിഡന്‍റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചിട്ടുണ്ട്. അതേ സമയം അന്വേഷണം ഞായറാഴ്‌ച്ച അവസാനിപ്പിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തിനെ താക്കീത് ചെയ്‌തു. പൂര്‍ത്തിയായില്ലെങ്കില്‍ കേസ് സി. ബി. ഐക്ക് വിടുമെന്നും അറിയിച്ചു.
കഴിഞ്ഞ വെളളിയാഴ്‌ച്ച പുലര്‍ച്ചെയായിരുന്നു ആശുപത്രിയുടെ സെമിനാര്‍ ഹാളില്‍ പി. ജി. വിദ്യാര്‍ത്ഥിനി ബലാംത്സം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നിനും ആറിനുമിടയിലായിരുന്നു കൊലപാതകം നടന്നിരുന്നത്. സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകള്‍ ഉള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സന്നദ്ധ പ്രവര്‍ത്തകനെന്ന പേരില്‍ ആശുപത്രിയിലെത്തിയിരുന്ന വ്യക്തിയെ അന്നേ ദിവസം തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അവിടെയുള്ള മെഡിക്കല്‍ ഇന്‍റേണ്‍ വിദ്യാര്‍ത്ഥിയെ കൂടി ചോദ്യം ചെയ്‌ത് വരുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുകയാണെന്നും വിദ്യാര്‍ത്ഥി അറിയിച്ചു. കൂടാതെ പോലീസിന്‍റെ സിവിക് വളണ്ടിയറായ സജ്ഞയ് റോയെയും അന്വേഷണാര്‍ത്ഥം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം ഇരയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ സ്ഥാപന പ്രിന്‍സിപ്പള്‍ ഡോ. സന്ദീപ് ഘോഷ് സ്ഥാനത്ത് നിന്ന് രാജിച്ചു. കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി മമത ബാനര്‍ജിയും വനിതാ കമ്മീഷനും നേരില്‍ കണ്ട് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്‌തു.