കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തുടര്‍ന്ന് വരുന്ന പീഡനാരോപണങ്ങള്‍ കാരണം ‘അമ്മ’യുടെ ഭരണസമിതിയിലെ മുഴുവന്‍ ഭാരവാഹികളും രാജി വെച്ചു. കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോപണത്തെ തുടര്‍ന്ന് നടന്‍ സിദ്ദീഖ് രാജിവെച്ചത്. അടുത്ത ജന.സെക്രട്ടറി സ്ഥാനത്തേക്ക് വരേണ്ട ബാബുരാജിനെതിരെയും ആരോപണം വന്നതോടെ താരസംഘനടന പ്രതിസന്ധിയിലായി. അതോടൊപ്പം അംഗങ്ങള്‍ക്കിടയിലെ വിയോജിപ്പും കൂടുതല്‍ പേര്‍ക്കെതിരെയുള്ള ആരോപണവുമൊക്കെ ഒന്നിച്ച് തീരുമാനമെടുക്കാന്‍ കാരണമായിത്തീര്‍ന്നു.
ഇന്ന് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് തീരുമാനമെടുത്തത്. പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മോഹന്‍ലാലായിരുന്നു ആദ്യം രാജിവെച്ചത്. തുടര്‍ന്ന് ഭരണ സമിതിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെക്കുകയായിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും ഇനി ‘അമ്മ’യെ താത്കാലികമായി നിയന്ത്രിക്കുക. ഭരണഘടനാ പ്രകാരം അടുത്ത രണ്ട് മാസത്തിനുള്ളില്‍ തെരെഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കും.
ഇതോടെ പുതിയ കമ്മിറ്റിയില്‍ തലപ്പത്തേക്ക് സ്ത്രീ സാന്നിധ്യം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജഗദീഷും പ്രത്വീരാജുമായിരുന്നു സംഘനടക്കകത്ത് നിന്ന് “അമ്മ”യ്ക്കെതിരെ നയം വ്യക്തമാക്കിയത്. പലരുടെ ആരോപണം ശരിവെക്കുന്ന പ്രസ്താവനയായിരുന്നു പ്രത്വീരാജിന്‍റേതെങ്കില്‍ ജന.സെക്രട്ടറിയുടെ വാര്‍ത്ത സമ്മേളനത്തിലെ വാക്കുകളെ എതിര്‍ക്കുന്നതായിരുന്നു ജഗദീഷിന്‍റെ പ്രസ്താവനകള്‍. ഇതോടെ താരസംഘടനയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
രാജിവെച്ച ഭാരവാഹികള്‍ ഇവരാണ്,
പ്രസിഡണ്ട്: മോഹന്‍ലാല്‍, വൈസ്.പ്രസിഡണ്ടുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായ കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്‍, ടൊവീനോ തോമസ്, സരയൂ, അന്‍സിബ, ജോമോള്‍.