ദുബായ്: ഏറെ വിവാദങ്ങളോടെ പരിസമാപ്തി കുറിച്ച ഏഷ്യ കപ്പ് ക്രിക്കറ്റ് കളി ഇപ്പോഴും വിവാദത്തിന്‍റെ നിഴലില്‍ തന്നെയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ആദ്യ മാച്ച് മുതല്‍ തുടങ്ങിയ നാടകീയ രംഗങ്ങളും രാഷ്ട്രീയ കോപ്രയാത്തരങ്ങളും കളി പൂര്‍ത്തിയായിട്ടും വിട്ടുമാറാതെ തുടരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതോടെ എസിസി പ്രസിഡണ്ടും പാക്കിസ്ഥാന്‍ മന്ത്രിയുമായ മുഹ്സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തീരുമാനിക്കുകയായിരുന്നു. ഇതോടെ ട്രോഫിയുമായി നഖ് വി മടങ്ങി. ജയിച്ച ടീമിന് ട്രോഫി നല്‍കാത്തത് ഏറെ വിവാദമായിരുന്നുവെങ്കിലും നഖ് വി തന്‍റേതായ കാരണം ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എസിസി പ്രസിഡണ്ട് മാപ്പ് പറയണമെന്നും വിജയിച്ച ടീമിന് ട്രോഫി കൈമാറാത്തത് ശരിയായ നടപടി ക്രമമല്ലെന്നും ബിസിസിഐ അറിയിച്ചു. അതേ സമയം ബിസിസിഐയോട് ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും എസിസി പ്രസിഡണ്ടെന്ന നിലയ്ക്ക് ആ ദിവസം തന്നെ ട്രോഫി നല്‍കാന്‍ തയ്യാറുണ്ടായിരുന്നുവെന്നും പക്ഷേ ടീം ക്യാപ്റ്റന്‍ സന്നദ്ധമാവാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും അത് തരാന്‍ തയ്യാറാണ്. എസിസി ഓഫീസില്‍ വന്നാല്‍ അത് എന്നില്‍ വാങ്ങാന്‍ അവരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാ കപ്പ് ട്രോഫി യുഎഇ ബോര്‍ഡിന് കൈമാറിയതായി സൂചനയുണ്ട്. ഇന്ന് നഖ് വി ലാഹോറിലേക്ക് മടങ്ങുകയും ചെയ്തു. ദുബായില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ലയും ആഷിഷ് ശെലാറും ഇന്ത്യന്‍ പ്രതിനിധികളായി പങ്കെടുത്തിരുന്നു. മീറ്റംഗില്‍ നഖ് വിയുടെ നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ ഇരുവരും എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യന്‍ കപ്പ് ട്രോഫി നേടിയ ടീമിനെ അഭിനന്ദിക്കാന്‍ പോലും നഖ് വി സന്നദ്ധതയറിക്കാത്തതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
ഏഷ്യാ കപ്പ് മത്സരത്തിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഹസ്തദാന വിവാദത്തില്‍ തുടങ്ങിയ ഇന്ത്യ-പാക്കിസ്ഥാന്‍ പോര് മൂന്ന് മത്സരങ്ങളിലും നീണ്ടു നിന്നു. ഇതിന് പുറമെ വിജയത്തെ ഓപ്പറേഷന്‍ സിന്ദുൂറിനോട് ഉപമിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവനയും വിവാദമായിട്ടുണ്ട്.