ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പിലേക്ക് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായി സേവനമനുഷടിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് അദ്ദേഹത്തെ തെരെഞ്ഞടുത്തത്. ബി ജെ പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായി ജെ പി നഡ്ഡയാണ് അദ്ദേഹത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐക്യകണ്ഡേന അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും പ്രതിപക്ഷവുമായി സംസാരിക്കുമെന്നും ജെ പി നഡ്ഡ അറിയിച്ചു.
ആര്‍ എസ് എസുമായി കടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി അംഗമാണ്. ആര്‍എസ്എസ് ജനസംഘം എന്നീ സംഘടനയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്. തമിഴ്‌നാട് ബിജെപി പ്രസിഡണ്ട്, കോയമ്പത്തൂരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭ അംഗം, കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന, കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, സിക്കിം ഗവര്‍ണ്ണര്‍ ഓംപ്രകാശ് മാത്തൂര്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നീ പേരുകളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു സി പി രാധാകൃഷ്ണന്‍റെ പേര് പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 9നാണ് ഉപരാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണിവരെ പാര്‍ലമെന്‍റ് ഹൗസില്‍ വെച്ചായിരിക്കും വോട്ടെടുപ്പ്. ഓഗസ്റ്റ് 22നാണ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഇന്‍ഡ്യസംഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയുടെ പേര് വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ജൂലൈ 21നായിരുന്നു മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യ പ്രശ്‌നം കാരണം രാജിവെച്ചത്.