ന്യൂഡല്‍ഹി: ചിലത് അങ്ങനെയാണ്, വൈകിയേ തലയിലുദിക്കൂ. അതു പോലൊരു തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വിദ്യഭ്യാസ നയംമാറ്റം. 2009ല്‍ ഭേദഗതി ചെയ്ത ആര്‍.ടി.ഇ. നിയമത്തിലാണ് പുതിയ പരിഷ്‌കരണം കൊണ്ടു വന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് 1-8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ പ്രമോഷന്‍ ഒഴിവാക്കും. ഇനി അര്‍ഹിച്ചാല്‍ മാത്രം സ്ഥാനക്കയറ്റം ലഭിക്കുള്ളു. വാര്‍ഷിക പരീക്ഷയില്‍ തോറ്റാല്‍ രണ്ടാമതൊരവസരം രണ്ട് മാസത്തിനുള്ളില്‍ നല്‍കണം. ഇതിലും പാസ്സായാല്‍ മാത്രമേ ക്ലാസില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ പാടുള്ളു. പ്രത്യേകിച്ച് 5,8 ക്ലാസുകള്‍ക്കാണ് ഇത് കര്‍ശനമാക്കുക. ആര്‍.ടി.ഇ നിയമത്തിലെ ഭേഗതിയിലും ഈ ക്ലാസുകളാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
2009ല്‍ നടപ്പാക്കിയ ഭേഗഗതിയനുസരിച്ച് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും തോല്‍ക്കരുതെന്നും അത് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിര്‍ത്താന്‍ കാരണമാവുമെന്നുമായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. അതേ സമയം തന്നെ കേരളമടക്കം പല കോണില്‍ നിന്നും ഇതിന് ശക്തമായ എതിര്‍പ്പ് വന്നിരുന്നു. ഉന്നത വിദ്യഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും കുട്ടികള്‍ക്ക് മാനസീക സമ്മര്‍ദ്ദം കൂടാനും ഇത് കാരണമാവുമെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിയമത്തിന് പുതിയ ഭേദഗതിക്ക് കേന്ദ്രം തയ്യാറായത്.
കേന്ദ്രത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങള്‍, സൈനീക സ്‌കൂളുകള്‍, നവോദയ സ്‌കൂളുകള്‍ തുടങ്ങിയ 3000ലധികം സ്‌കൂളുകള്‍ക്ക് ഇത് ബാധകമാവും. സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ക്കുള്ള തീരുമാനത്തില്‍ സംസ്ഥാന വിദ്യഭ്യാസ വകുപ്പിന് തീരുമാനം കൈകൊള്ളാം. നിലവില്‍ 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഓള്‍പാസ് നിയമം ഒഴിവാക്കിയിട്ടുണ്ട്.