മുംബൈ: പ്രശസ്ത കോളമിസ്റ്റും സുപ്രീം കോടതയിലെ പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ എ ജി നൂറാനി അന്തരിച്ചു. അബ്ദുല്‍ ഗഫൂര്‍ നൂറാനിയെന്ന എ. ജി. നൂറാനി മുംബൈ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായിരുന്നു സേവനമനുഷ്ടിച്ചത്. മുംബൈയിലായിരുന്നു അന്ത്യം. 93 വയസ്സ് പ്രായമുണ്ടായിരുന്നു.
അഭിഭാഷവൃത്തിക്ക് പുറമെ എഴുത്ത് ലോകത്ത് പ്രസിദ്ധനായിരുന്നു അദ്ദേഹം. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ രചനാ സംഭാവനകള്‍.
കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്വഷ്റ്റിയന്‍സ് ഇന്‍ ഇന്ത്യ ആന്‍ഡ് ദ് ആര്‍ എസ് എസ് ആന്‍ഡ് ദി ബി ജെ ബി, കശ്മീര്‍ ക്വഷ്റ്റിയന്‍സ്, ദി പ്രസിഡന്‍ഷ്യല്‍ സിസ്റ്റം, ദി ട്രയല്‍ ഓഫ് ഭഗത് സിങ് തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികളാണ്.
ദി ഹിന്ദു, ഡോണ്‍, ദി സ്‌റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഹിന്ദുസ്ഥാന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയവയില്‍ കോളങ്ങളെഴുതിയിരുന്നു. കശ്മീരില്‍ ശൈഖ് അബ്ദുല്ലയ്ക്ക് വേണ്ടിയും തമിഴ്‌നാടില്‍ കരുണാനിധിക്ക് വേണ്ടിയും അദ്ദേഹം കേസില്‍ ഹാജരായിരുന്നു.