ഗാസ: ലോകത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് ഗാസ. ടെന്‍റില്‍ നിന്ന് വിശന്ന് വലഞ്ഞു വീഡിയോക്ക് മുന്നില്‍ എല്ല് മാത്രമുള്ള സലീം അസ്ഫൂറിന്‍റെ മുഖം സോഷ്യല്‍ മീഡിയ കാണുന്നവരുടെ മനസ്സില്‍ നിന്നും അത്ര പെട്ടെന്നൊന്നും മായുകില്ല. വെള്ളം കുടിച്ചും വെള്ളത്തില്‍ കുതിര്‍ത്ത റൊട്ടി കഴിച്ചും ജീവിതം തള്ളിനീക്കിയ അഫ്‌സല്‍ ഗാസയുടെ നരകിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് മാത്രം. ഹൃദയഭേദകമായ കാഴ്ച്ച കണ്ട് യുഎഇയുടെ പ്രത്യേക സഹായം അദ്ദേഹത്തെ നേരിട്ടെത്തി കൈമാറുകയായിരുന്നു. ശൈഖ് മുഹമ്മദിന് പ്രത്യേക നന്ദിയും അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ് 3 എന്ന് നാമകരണം ചെയ്ത് യുഎഇയുടെ ഗാസ സഹായമൊഴുക്ക് വ്യോമയാന മാര്‍ഗ്ഗം തുടരുന്നുണ്ട്. ലോകത്ത് നിന്ന് ഗാസയിലേക്കൊഴുകുന്ന സഹായത്തിന്‍റെ 45 ശതമാനവും യുഎഇയാണ് കൈമാറിയത്. കരമാര്‍ഗ്ഗം സഹായത്തിനുള്ള സാഹചര്യം അനുവദിക്കാത്തത് കൊണ്ട് യുഎഇ അടങ്ങുന്ന പല രാജ്യങ്ങളുടെയും സഹായവുമായി ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുയാണ്. കരമാര്‍ഗ്ഗം സഹായവിതരണത്തിനുള്ള അനുമതി തേടിയിരിക്കുകയാണ് യുഎന്‍. വിമാനത്തിലൂടെ സഹായമെത്തിക്കല്‍ ഏറെ പ്രയാസകരവും സുരക്ഷിതമല്ലാത്തതും ചെലവേറിയതുമാണ്. ഇന്നലെ ഭക്ഷണപ്പൊതി വീണ് ഒരു കുട്ടിയും മരണപ്പെട്ടിരുന്നു.
നിലവിലെ കണക്കനുസരിച്ച് 212 പേര്‍ പട്ടിണി മൂലം ഗാസയില്‍ മരണപ്പെട്ടിട്ടുണ്ട്, അതില്‍ 98 പേരും കുട്ടികളാണ്. ഇന്നലെ മാത്രം 11 പേര്‍ മരണപ്പെട്ടു. ഭക്ഷണത്തിനായ് കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇന്നലെ ഇസ്രയേലിന്‍റെ അക്രമണം നടന്നു. പ്രശസ്തനായ കായിക താരം ഉള്‍പ്പെടെ 39 പേരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ മുതല്‍ ഇസ്രയേലിന്‍റെ അക്രമണത്തില്‍ 61,369 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
അതേ സമയം ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്‍റെ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നുള്‍പ്പടെ രാജ്യാന്തര പ്രതിഷേധം ശക്തമായിട്ടുണ്ട്. നെതന്യാഹുവിന്‍റെ നിലപാടിനെതിരെ ഇസ്രയേലിലും ശക്തമായ പ്രതിഷേധം നടന്നു. ഗാസ പിടിച്ചെടുത്താല്‍ ബന്ദികളായ ഇസ്രയേല്‍ സൈനികരുടെ അവസ്ഥ ഏറെ പ്രയാസകരമാവുമെന്ന് സൈന്യം അറിയിച്ചുട്ടുണ്ട്.