കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരള രാഷ്ട്രീയത്തിന്‍റെ ചര്‍ച്ചകള്‍ ഏറെക്കുറെ സാമുദായിക മത സംഘടനകളുമായി ചേര്‍ത്ത് വെച്ചായിരുന്നു. ഇലക്ഷന്‍ വാര്‍ത്തകള്‍ ശക്തമായി നിലകൊള്ളുമ്പോഴും രാഷ്ട്രീയത്തെ മതത്തിലേക്ക് വലിച്ചിഴച്ചും സാമുദായിക വിഭാഗീയ ശ്രമങ്ങള്‍ നടത്തിയും മതങ്ങള്‍ക്കിടയിലുള്ള ഭിന്നിപ്പിന് ശ്രമം നടത്തിയും കേരള രാഷ്ട്രീയം ചര്‍ച്ചാ വേദിയായിരുന്നു. പക്ഷേ ഫലങ്ങളൊക്കെ ഏറെക്കുറെ മതസാഹോദര്യവും സാമുദായിക സ്‌നേഹവും വിളിച്ചോതുന്നതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല
പാലക്കാട്ടെ ഇലക്ഷനായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ മങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് വിജപഥത്തിലെത്തിയത്. ഷാഫി പറമ്പിലിന്‍റെ യഥാര്‍ത്ഥ പിന്മുറക്കാരനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ഈ വിജയം. വടകരയില്‍ തന്‍റെ സാന്നിധ്യം വേണ്ടപ്പോഴും രാഹുലിനായ് കളത്തിലിറങ്ങിയ ഷാഫിക്കും കൊടുക്കണം ഇതില്‍ ഒരു സല്യൂട്ട്. അര്‍ദ്ധ രാത്രിയിലെ ട്രോളി ബാഗിന്‍റെ കഥമെനയാന്‍ വന്നവര്‍ക്കും ഈ റിസള്‍ട്ട് വേണ്ട വിധത്തില്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ഇതിനിടയില്‍ നടന്ന കുറേ രാഷ്ട്രീയ കുതന്ത്രങ്ങള്‍ തീര്‍ത്തും അപലപനീയമായിരുന്നു.
സീറ്റിനെ ചുറ്റിപ്പറ്റി നടന്ന വിവാദത്തിനൊടുവില്‍ ഡോ.സരിന്‍ കാലുമാറിയതും സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതുമൊക്കെ ചര്‍ച്ചകള്‍ക്ക് കോപ്പു കൂട്ടി. അതിനിടയില്‍ സമസ്ത പ്രസിഡണ്ടിനെ അനുഗ്രഹം തേടി വന്നതും സുപ്രഭാതത്തിലെ വര്‍ഗ്ഗീയ പരസ്യവുമൊക്കെ സാമുദായക സ്‌നേഹം കാട്ടാനുള്ള കപട ശ്രമങ്ങളായിരുന്നു. ആര്‍.എസ്.എസ്. കൂട് വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയ സന്ദീപ് വാര്യറെ സംഘിയായ് ചിത്രീകരിക്കുന്ന പരസ്യം സാമുദായിക പത്രങ്ങളില്‍ നല്‍കിയത് ഇതില്‍ എടുത്ത് പറയേണ്ട സാമുദായക സ്പര്‍ദ്ധക്കുള്ള വിത്തായിരുന്നു. പക്ഷേ മനുഷ്യത്വത്തോടെയും പക്വതയോടെയും സന്ദീപ് വാര്യറുടെ മറുപടിയും വോട്ടര്‍മാരുടെ തിരിച്ചറിവും സാമുദായി സ്പര്‍ദ്ധകളും ഭിന്നിപ്പും ഇല്ലാതാക്കി.
അതിനിടെ പാണക്കാട് സ്വാദിഖലി തങ്ങള്‍ക്കെതിരെ സാമുദായിക സംഘടനകള്‍ക്കകത്ത് നിന്ന് വരുത്തിവെച്ച എതിര്‍പ്പുകള്‍ മറ്റൊരു ഭിന്നിപ്പിന് തിരികൊളുത്താന്‍ ശ്രമം നടത്തിയപ്പോഴും പക്വമായി നേരിട്ട സ്വാദിഖലി തങ്ങളുടെ ഇടപെടലും ഏറെ ശ്രദ്ധേയമായി. കത്തിനിന്ന മുനമ്പം വഖഫ് വിഷയത്തില്‍ നേരിട്ട് ചെന്ന് ക്രിസത്യന്‍ സോഹദരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച പാണക്കാട്ടേ മതസാഹോദര്യവും മനുഷ്യ സ്‌നേഹവും സ്വാദിഖലി തങ്ങള്‍ ഒരിക്കല്‍ കൂടി കേരള ജനതക്ക് പറഞ്ഞു കൊടുത്തു. സാമുദായിക സംഘടനക്കകത്ത് നിന്ന് എതിര്‍പ്പുകള്‍ വരുമ്പോഴും പക്വമായി നിലകൊള്ളാന്‍ ലീഗിനായി എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇന്നലെ ഫലം പുറത്ത് വന്നതിന് ശേഷം വിവാദപരമായ പ്രസതാവന ലിഗിന്‍റെ ജന.സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഉടനടി തന്നെ ലീഗ് ഊതിക്കെടുത്തി. സലാമിനെ കൊണ്ട് തന്നെ വാക്കുകള്‍ തിരുത്തിപ്പിക്കുകയും ലീഗ് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആ പ്രസ്താവനയെ മുഴുവനായും തള്ളിക്കളഞ്ഞു. അവയൊന്നും സാമുദായി സംഘടനയെ വേദിനപ്പിക്കില്ലെന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് വാക്കുനല്‍കി. കേരള ചരിത്രത്തിലെ മുസ്ലിം ലീഗിന്‍റെയും സമസ്തയുടെയും സൗഹാര്‍ദ്ദ ചരിത്രം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
വയനാട്ടിലെ വിജയത്തിന് മധുരമേറെയായിരുന്നു. കന്നിയങ്കത്തിനിറങ്ങിയ പ്രിയങ്കയെ വരവേറ്റത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു. ലീഗിന് ഏറെ വേരോട്ടമുള്ള മണ്ഡലമായിട്ട് പോലും ഇവിടെ സാമുദായിക ചര്‍ച്ചകള്‍ പോലും നടന്നില്ലെന്നത് പ്രിയങ്കയുടെയും രാഹുല്‍ ഗാന്ധിയുടെയും വ്യക്തി സ്വാധീനവും കേന്ദ്രത്തിലെ ബി.ജെ.പിക്കെതിരെയുള്ള ജനങ്ങളുടെ ഐക്യവുമാണ് സൂചിപ്പിക്കുന്നത്. വോട്ടിംഗ് ശതമാനം കുറഞ്ഞിട്ടും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടുകാര്‍ക്ക് പ്രിയങ്കരിയായി മാറിയത്. നാല് ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം രേഖപ്പെടുത്തിയത്.
ചേലക്കരയിലെ സിറ്റിംഗ് സീറ്റായത് കൊണ്ട് തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വേദിയായില്ല. പക്ഷേ യു ഡി എഫിന് ഭൂരിപക്ഷം കുറക്കാനായി എന്നത് സമാധാനം നല്‍കുന്നുവെങ്കിലും കേരളം ഭരണത്തിനെതിരിലല്ലെന്ന് സി.പി.എമ്മിന് യു ആർ പ്രദീപിലൂടെ സമാധാനിക്കാന്‍ വകയായി.
സാമുദായി സ്പര്‍ദ്ധയും മത വിഭാഗീയതയും വളര്‍ത്തുന്ന തരത്തില്‍ വാക്കുകളോ പ്രസ്താവനയോ ഉണ്ടാവരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടന തലപ്പത്തുള്ളവരും ചിന്തിക്കേണ്ടതുണ്ട്. പക്വതയോടും പരിസര ബോധത്തോടും പുതുകാലത്തെ സാഹചര്യവും കണ്ട് പെരുമാറേണ്ടിയിരിക്കുന്നു. വരുത്തിവെച്ച മുറിവുണക്കാന്‍ പ്രയാസമാണ് കാരണം നിമിഷ നേരം കൊണ്ടാണ് ലക്ഷകണക്കിന് ആളുകളിലേക്ക് സന്ദേശങ്ങള്‍ എത്തിപ്പെടുന്നത്. സദാചാര രാഷ്ട്രീയം മുറുകെ പിടിക്കുന്നവരാവണം പുതുതലമുറയെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വം.