പാനമ സിറ്റി: പാനമ കനാലിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തില്‍ പതറാതെ പാനമ. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ട്രംപിന്‍റെ വാക്കുകള്‍ക്ക് അതേ പടി മറുപടി നല്‍കിയാണ് പാനമ പ്രസിഡണ്ട് ഹോസെ റൗള്‍ മുളിനോ പ്രതികരിച്ചത്.
കനാലിന്‍റെ ഓരോ ചതുരശ്ര മീറ്ററും അതിനോടനുബന്ധ ഭാഗങ്ങളും മുമ്പുള്ളത് പോലെ തന്നെ തുടരും. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ആരുടെ മുന്നിലും വകവെച്ചു കൊടുക്കാനുള്ളതല്ല. പാനമ കനാല്‍ ഈ രാജ്യത്തിന്‍റെ വിസ്മരിക്കാനാവാത്ത ചരിത്രത്തിന്‍റെ ഭാഗമാണ്. അത് ഓരോ പനാമിയന്‍ പൗരന്‍റെയും മനസ്സില്‍ കൊണ്ട് നടക്കുന്നതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പാനമാ കനാലിന്‍റെ നിയന്ത്രണം യു.എസ്. ഏറ്റെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. പാനമ കനാലിലൂടെ കടന്ന് പോവുന്ന ചരക്കു കപ്പലുകള്‍ക്ക് രാജ്യം ഈടാക്കുന്ന നികുതിയാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതിലൂടെ കടന്നു പോവുന്ന ഓരോ കപ്പലുകളും പാനമയ്ക്ക് ചുങ്കം നല്‍കിയേ കടന്നു പോവാന്‍ സാധിക്കുള്ളു. അത് രാജ്യം പറയുന്ന തുകയാവുകയും വേണം. കഴിഞ്ഞ പ്രാവശ്യം അമേരിക്കന്‍ കപ്പലിനും അധിക നികുതി ഈടാക്കേണ്ടി വന്നതാണ് ട്രംപിനെ ദേശ്യം പിടിപ്പിച്ചത്.
”എങ്ങെയാണ് പാനമാ കനാല്‍ യു.എസ്. നിര്‍മ്മിച്ചതെന്നും അത് സഹകരണത്തോടെയാണ് പാനമയ്ക്ക് കൈമാറിയതെന്നും പക്ഷേ അന്ന് മുതല്‍ അവര്‍ യു.എസോട് നല്ല രീതിയില്‍ പെരുമാറിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഞങ്ങളുടെ ചരക്കു വാഹനങ്ങള്‍ക്ക് അവര്‍ ഈടാക്കിയ തുകയും തികച്ചും അന്യായമാണെന്നും ഇത് ഞങ്ങള്‍ നിര്‍ത്തുമെന്നും” അദ്ദേഹം കൂട്ടി ചേര്‍ത്തു.
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ് പാനമ കനാല്‍. പസഫിക്-അറ്റലാന്‍റിക് മഹാസമുദ്രങ്ങളെയാണ് അത് ബന്ധിപ്പിക്കുന്നത്. 1914ലായിരുന്നു ഇതിന്‍റെ നിര്‍മ്മാണം യു എസ് പൂര്‍ത്തിയാക്കുന്നത്. 1977ലാണ് നിയന്ത്രണം ഭാഗികമായി പാനമയ്ക്ക് ലഭിക്കുന്നത്. 1999ല്‍ അത് പൂര്‍ണ്ണമായും പാനമ ഏറ്റെടുക്കുകയായിരുന്നു.