ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി. എന്നും ഏക സിവില്‍ കോഡിന് വാദിച്ചിരുന്ന പ്രധാനമന്ത്രി ഇന്ന് മറ്റൊരു വാചകമായിരുന്നു ഉപയോഗിച്ചിരുന്നത്. ‘മതേതര സിവില്‍ കോഡ്’ അതോടൊപ്പം നിലവിലെ സിവില്‍ കോഡിനെ വിമര്‍ശിച്ച് മതപരമായ സിവില്‍ കോഡാണ് നിലവിലുള്ളതെന്നും അത് തിരുത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായാണ് പ്രതികരിച്ചത്. ഭരണഘടനാ ശില്‍പ്പി ഡോ.അംബേദ്‌ക്കറെ അവഹേളിക്കുകയാണ് മോഡി ചെയ്‌തതെന്ന് കോണ്‍ഗ്രസ് ജന. സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. ഡോ. അംബേദ്‌ക്കര്‍ എഴുതിയ ഭരണഘടന എങ്ങനെ മതപരമായ സിവില്‍ കോഡാവും എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയും ചോദിച്ചു.
അതിനിടെ പത്ത് വര്‍ഷത്തിന് ശേഷം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അദ്ദേഹത്തിന് ഒരുക്കിയ സീറ്റും വിവാദമായി. പ്രോട്ടോക്കോള്‍ അനുസരിച്ച് ആദ്യ വരിയില്‍ മന്ത്രിമാരുടെ കൂടെയാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം ഒരുക്കേണ്ടത്. പക്ഷേ ഹോക്കി ടീമിനോടൊപ്പം നാലാം വരിയിലായിരുന്നു രാഹുല്‍ ഗാന്ധിക്കുള്ള ഇരിപ്പടം ഒരുക്കിയത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി 6000 അതിഥികളായിരുന്നു ചെങ്കോട്ടയില്‍ പങ്കെടുത്തത്. രാജ്യത്തിന്‍റെ മൂന്ന് സൈനീക വിഭാഗവും പരേഡില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ ഏറ്റവും കൂടുതല്‍ പതാക ഉയര്‍ത്തിയ മൂന്നാമത്തെ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും മോഡി സ്വന്തമാക്കി. പതിനൊന്നാം തവണയാണ് അദ്ദേഹം പതാകയുയര്‍ത്തിയത്. 17 തവണ പതാകയയുര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവും 16 തവണ പതാകയയുര്‍ത്തിയ ഇന്ദിരാഗാന്ധിയുമാണ് മോഡിക്ക് മുന്നിലുള്ളത്.