വയനാട്: നിശ്ചയിച്ചതിലും നേരത്തെ പ്രധാനമന്ത്രി വയനാടെത്തി, ബാധിതരുടെ വിലാപങ്ങളും സങ്കടങ്ങളും കാതോര്‍ത്തിരുന്ന് ദുരന്ത ബാധിത പ്രദേശങ്ങളും കണ്ട് തിരിക്കുമ്പോള്‍ നിശ്ചയിക്കപ്പെട്ട സമയത്തേക്കാളും രണ്ട് മണിക്കൂര്‍ വൈകി. ഏറെ ആശ്വാസമായിരുന്നു ഇന്നലെ വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വ്യോമസേനയുടെ ഹെലികോപ്‌റ്ററിലായിരുന്നു ബാധിത പ്രദേശങ്ങളൊക്കെയും പ്രധാനമന്ത്രി കണ്ടത്. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരമട്ടം എന്നീ പ്രദേശങ്ങളാണ് ആകാശക്കാഴ്‌ച്ചകളിലൂടെ അദ്ദേഹം നോക്കിക്കണ്ടത്. തുടര്‍ന്ന് ഓരോ സ്ഥലവും അദ്ദേഹം നടന്ന് കണ്ടു. കാര്യങ്ങള്‍ കൂടെയുള്ളവര്‍ വിശദീകരിച്ചു. കളക്ടര്‍ മേഘശ്രീ, ചീഫ് സെക്രട്ടറി വേണു, എ. ഡി. ജി. പി. എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവരാണ് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത്.
സെന്‍റ് ജോസഫ് ദുരിതാശ്വാസ ക്യാംപിലായിരുന്നു പ്രധാനമന്ത്രിയുടെ പിന്നീടുള്ള സന്ദര്‍ശനം. കൈകൂപ്പി കണ്ണീര്‍ പൊഴിച്ച് നില്‍ക്കുന്നവരുടെ മുന്നില്‍ ആശ്വാസ വാക്കുകള്‍ മാത്രമായിരുന്നു മറുപടി. എല്ലാം നഷ്ടപ്പെട്ടവന്‍റെയും, കുടുംബം ഇല്ലാതായവരുടെയും, ഇനിയും കണ്ടുകിട്ടാത്ത ആശ്രിതരുടെ വിലാപവും, ഒന്നുമറിയാതെയിരിക്കുന്നു കുരുന്നുകളുടെയുമൊക്കെ അവസ്ഥകള്‍ നേരില്‍ കണ്ട് സമാശ്വാസിപ്പിച്ചു. പുനരധിവാസത്തിന് പണം ഒരു പ്രശ്‌നമാകില്ലെന്ന് അദ്ദേഹം അവരെ ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധ്യമായതൊക്കെ ചെയ്യുമെന്നും പറഞ്ഞു.
ഹോസ്‌പിറ്റലില്‍ ചെന്ന് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞു. ഡോക്ടര്‍മാരോട് വിശദ വിരങ്ങള്‍ ചോദിച്ചറിഞ്ഞു. അവസാനം കളക്ടറേറ്റിലെത്തി പത്തു മിനുറ്റോളം അവലോകന യോഗവും നടന്നു.
കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കൈമാറി.