”പറഞ്ഞറിയിക്കാനാവാത്ത ദേശ്യമുണ്ടെന്ന്” ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി
ദോഹ: ഒരിക്കലും പറഞ്ഞറിയിക്കാനാവാത്ത ദേശ്യമാണ് ഞങ്ങള്‍ക്കുള്ളത്. ഇത് രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഇന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍ത്താനി പറഞ്ഞ വാക്കുകളാണ്. ഗാസയില്‍ ബന്ദികളാക്കിയ ഇസ്രയേലിലെ സൈനികരുടെ മോചനത്തിനുള്ള പ്രതീക്ഷയാണ നെതന്യാഹു ഇല്ലാതാക്കിയതെന്നും ഇത് ആക്രമണ ഭീകരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇസ്രയേലിന്‍റെ ആക്രമണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഏത് രീതിയില്‍ തിരിച്ചടി നല്‍കാമെന്ന കാര്യങ്ങള്‍ തീരുമാനിക്കാനും അടിയന്തിര ഉച്ചകോടി വിളിച്ചിരിക്കുകയാണ് ഖത്തര്‍. ഉച്ചക്കോടിക്കുള്ള തയ്യാറെടുപ്പുകള്‍ ഖത്തര്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ രാജ്യത്തിന്‍റെ പ്രതിനിധികളും ഉച്ചകോടിയില്‍ എത്തിയേക്കും.
സെപ്തംബര്‍ 9നായിരുന്നു ഹമാസ് തലവന്മാരെ ലക്ഷ്യം വെച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കായ് ഒരുമിച്ച് കൂടിയ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതില്‍ ഹമാസ് തലവന്‍ ഖലീല്‍ ഹയ്യയുടെ മകനടക്കം ആറ് പേര്‍ മരിച്ചിരുന്നു. ലക്ഷ്യം വെച്ച ഹമാസ് നേതാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. മരിച്ചരില്‍ ഒരാള്‍ ഖത്തര്‍ പൗരനും കൂടിയാണ്.
ഇന്ന് ഖത്തറിലെ ഇമാം ഇബ്ദുല്‍ വഹാബ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ഖത്തര്‍ അമീര്‍ ശൈഖ് മുഹമ്മദ് തമീം ബിന്‍ ഹമദ് അല്‍ത്താനി നേതൃത്വം നല്‍കി. മരിച്ച ആറുപേരുടെ ഭൗതീക ശരീരവും ഖത്തറില്‍ തന്നെ മറവ് ചെയ്യും. ഖലീല്‍ ഹയ്യയുടെ മകനും ബോഡീഗാര്‍ഡ്‌സും അടക്കം അഞ്ച് ഫലസ്തീന്‍ പൗരന്മാരുടെ ഭൗതീക ശരീരത്തില്‍ ഫലസ്തീന്‍ പതാകയും ഖത്തരീ പൗരനായ സഅദ് മുഹമ്മദ് അല്‍ ഹുമൈദിയുടെ ഭൗതീക ശരീരത്തില്‍ ഖത്തര്‍ ദേശീയ പതാകയും പുതച്ചായിരുന്നു മയ്യിത്തുകള്‍ വെച്ചിരുന്നത്. ആയിരങ്ങളാണ് മയ്യിത്ത് നിസ്‌കാരത്തില്‍ അണിനിരന്നത്.

അതേ സമയം കഴിഞ്ഞ ദിവസം നെതന്യാഹു ഖത്തറിന് വീണ്ടും താക്കീതുമായി രംഗത്തെത്തി. ഹമാസ് നേതാക്കള്‍ക്ക് ഖത്തറില്‍ സൗകര്യമേര്‍പ്പെടുത്തരുതെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അല്ലാത്ത പക്ഷം വീണ്ടും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ ആറോളം രാജ്യങ്ങളിലാണ് ആക്രമണം നടത്തിയിരിക്കുന്നത്.