9379 പേര്‍ക്ക് ടോപ് പ്ലസ്
അടുത്ത വര്‍ഷം അഞ്ച്, ഏഴ് ക്ലാസുകളില്‍ പൊതുപരീക്ഷ ഉണ്ടായിരിക്കില്ല
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള ജനറല്‍ വിഭാഗത്തിലെ മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99 ശതമാനമാണ് വിജയ ശതമാനം. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ എം ടി അബ്ദുല്ല മുസ്ല്യാരാണ് ഫലപ്രഖ്യാപനം നടത്തിയത്. സമസ്ത മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്. 2026 ജനുവരി 23,24,25 തിയ്യതികളിലായിരുന്നു ഈ ക്ലാസുകളില്‍ പരീക്ഷ നടന്നത്.
കേരളത്തിലും പുറത്തുമായി 7411 പരീക്ഷ സെന്ററുകളാണ് ഒരുക്കിയിരുന്നത്. കേരളത്തിന് പുറമെ 13 സംസ്ഥാനങ്ങളും ഇന്ത്യക്ക് പുറമെ ജിസിസ രാജ്യങ്ങളായ യുഎഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും മലേഷ്യയിലുമാണ് സമസ്തയുടെ കീഴിലുള്ള മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. സമസ്ത അംഗീകാര മദ്‌റസകളുടെ എണ്ണം 11090.
ഇന്ത്യയിലും വിദേശത്തുമായി ആകെ 2,73,571 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,69,930 പേര്‍ വിജയം കൈവരിച്ചു. വിജയിച്ചവരില്‍ 9379 വിദ്യാര്‍ത്ഥികള്‍ ടോപ് പ്ലസും, 54,272 പേര്‍ ഡിസ്റ്റിംഗ്ഷനും, 94,747 പേര്‍ ഫസ്റ്റ് ക്ലാസും, 41,889 പേര്‍ സെക്കന്‍റ് ക്ലാസും, 69.618 പേര്‍ തേര്‍ഡ് ക്ലാസും സ്വന്തമാക്കി.
കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് കര്‍ണ്ണാടകയില്‍ നിന്നാണ്. 12,083 വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് പൊതുപരീക്ഷ എഴുതിയത്. ഇന്ത്യക്ക് പുറത്ത് 1961 വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതിയ യുഎഇയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതിയത്.
ജനറല്‍ വിഭാഗത്തിന് പുറമെ സ്‌കൂള്‍ സിലബസ് പ്രകാരവും സമസ്തയുടെ കീഴിലുള്ള മദ്‌റസകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊതുപരീക്ഷ ഏപ്രില്‍ 3,4,5 തിയ്യതികളില്‍ നടക്കും. ഇതില്‍ 17,695 വിദ്യാര്‍ത്ഥികളാണ് പൊതപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സമസ്തയുടെ സിലബസ് പരിഷ്കരണം പുരോഗമിക്കുന്നതായും എം ടി അബ്ദുല്ല മുസ്ല്യാർ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മാത്രം പൊതുപരീക്ഷ നടക്കുള്ളു. 2027-2028 അക്കാദമിക വർഷത്തില്‍ ആറാം ക്ലാസും എട്ടാം ക്ലാസുമായിരിക്കും പൊതുപരീക്ഷയില്‍ പങ്കെടുക്കകയെന്നും അദ്ദേഹം കൂട്ടച്ചേർത്തു. കഴിഞ്ഞ വിദ്യഭ്യാസ ബോർഡ് മീറ്റിംഗിലാണ് ഈ പരിഷ്കരണം പ്രഖ്യാപിച്ചത്.
സേ പരീക്ഷ
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാനും സമസ്ത സാഹചര്യമൊരുക്കുന്നുണ്ട്. 2026 ഏപ്രില്‍ 5ന് ഞായറാഴ്ച്ച അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. സേ പരീക്ഷയ്ക്കും പുനര്‍ മൂല്യ നിര്‍ണ്ണയത്തിനും അപേക്ഷിക്കേണ്ട തിയ്യതി 2026 മാര്‍ച്ച് 6 മുതല്‍ 14 വരെയാണ്. സമസ്ത വെബ്‌സൈറ്റിലാണ് ഇതിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സേ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ 250 രൂപയും പുനര്‍ മൂല്യനിര്‍ണ്ണയത്തിന് 100 രൂപമയുമാണ് ഈടാക്കുക.
പരീക്ഷ ഫലം അറിയാന്‍ ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
https://result.samastha.info, https://result.samastha.info/