കോഴിക്കോട്; സമസ്തയക്ക് അകത്തുള്ള വിഭാഗീയമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി നടന്ന രണ്ടാംഘട്ട സമവായ ചര്‍ച്ച കോഴിക്കോട് സമാപിച്ചു. പരസ്പര തെറ്റിദ്ധാരണകള്‍ ഏറെക്കുറെ പരിഹരിച്ചെന്ന് യോഗത്തിന് ശേഷം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സിഐസിയുമായുള്ള പ്രശ്‌ന പരിഹാരത്തിന് സ്വാദിഖലി തങ്ങളെ ചുമതലയേല്‍പ്പിച്ചു. അവരുമായി ചര്‍ച്ച ചെയ്ത ശേഷം പരിഹാരം ഉടനുണ്ടാവുമെന്ന് സ്വാദിഖലി തങ്ങളും പറഞ്ഞു.
കോഴിക്കോട് നടന്ന സമവായ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍, ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സമസ്ത ട്രഷറര്‍ ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, സമസ്ത ജോയിന്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ല്യാര്‍ എന്നിവരായിരുന്നു. യോഗത്തില്‍ ഇരു വിഭാഗത്തില്‍ നിന്നും പത്തോളം പേര്‍ പങ്കെടുത്തു. മൂന്നാംഘട്ട യോഗം രണ്ടാഴ്ച്ചക്കുള്ളിലുണ്ടാവുമെന്ന് നേതാക്കള്‍ അറിയിച്ചു.
അടുത്ത സമവായ ചര്‍ച്ചയുടെ തിയ്യതി വൈകാതെ അറിയിക്കുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരമുണ്ടാവുമെന്നും, നൂറാം വാര്‍ഷിക സമ്മേളനവുമായി ബന്ധപ്പെട്ട ഒരു പ്രചരണ സമ്മേളനം എല്ലാ നേതാക്കളും ഉള്‍ക്കൊള്ളിച്ച് കോഴിക്കോട് നടത്തപ്പെടുമെന്നും സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.