പത്തുവയസ്സുകാരിയുടെ ശരീരത്തില്‍ കണ്ടത് 75 മുറിവുകളും 25 ഒടിവുകളും.
യു കെ: ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച കേസുകളില്‍ ഏറ്റവും പ്രധാനമായ കേസായിരുന്നു യു.കെയിലെ പത്ത് വയസ്സുകാരി സാറാ ശരീഫിന്‍റെ കൊലപാതക കേസ്. മനസ്സാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകത്തിന് ഒരു വര്‍ഷം പിന്നിട്ടാണ് കോടതി അച്ചനെയും രണ്ടാനമ്മയെയും കുറ്റക്കാരെന്ന് വിധിച്ചത്. 10 മാസം നീണ്ടു നിന്ന വിചാരണക്കൊടുവില്‍ അച്ചന്‍ ഉര്‍ഫാന്‍ ശരീഫിനും (43) രണ്ടാനമ്മ ബീനാഷ് ബത്തൂലിനും (30) ബ്രിട്ടീഷ് കോടതി തടവു ശിക്ഷ വിധിച്ചു. ഇവരോടൊപ്പം കൊലപാതകത്തിന് അനുവാദം നല്‍കിയെന്ന കുറ്റത്തിന് അമ്മാവന്‍ ഫൈസല്‍ മാലിക്കും കുറ്റക്കാരനെന്ന് കോടതി വിധിയെഴുതി.
2023 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സുകാരി സാറാ ശരീഫ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിദാരുണമായ ക്രൂരതകള്‍ക്കൊടുവിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. ശരീരത്തില്‍ മാത്രം 75ലധികം മുറിവുകള്‍. 25ഓളം ഒടിവുകളും കാണപ്പെട്ടു. ഇരുമ്പ്, ക്രിക്കറ്റ ബാറ്റ്, മൊബൈല്‍ ഫോണ്‍ മറ്റു സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിരന്തര പീഡനമായിരുന്നു അവസാനം കൊലപാതകത്തിലേക്ക് കലാശിച്ചത്. ചൂടുവെള്ളം ഉപയോഗിച്ച് ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റും കണ്ടെത്തിയിരുന്നു.
സറേ പോലീസിനായിരുന്നു അന്വേഷണ ചുമതല. ഇതുവരെ അന്വേഷിച്ചതില്‍ ഏറ്റവും സാഹസീക കേസുകളിലൊന്നായിരുന്നുവെന്നാണ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് എമേഴ്‌സണ്‍ പറഞ്ഞത്.
കൊലപാതകം പുറത്ത് വന്നതോടെ യു.കെ. തെരുവുകളിലും സോഷ്യല്‍ മീഡിയകളിലും ശക്തമായ പ്രതിഷേധമായിരുന്നു പുറത്തു വന്നത്. കൊലപാതകം നടന്ന അതേ രാത്രി തന്നെ അച്ചനും രണ്ടാനമ്മയും അവരുടെ നാല് കുട്ടികളും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തു. അവിടെ കുടുംബക്കാരുടെ വീട്ടില്‍ അഭയം തേടി. സറേ പോലീസിന്‍റെ അന്വേഷണത്തിനൊടുവില്‍ ഇന്‍റർ പോളിന്‍റെ സഹായത്തോടെ അവരെ ട്രാക്ക് ചെയത് പാക്കിസ്ഥാനില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അതിനിടെയാണ് വീണ്ടും മൂവരും മക്കളെ കുടുംബക്കാരുടെ അരികിലാക്കി യു കെയിലേക്ക് പറന്നത്. വിമാനത്തിനകത്ത് വെച്ച് തന്നെ മൂവരെയും ബ്രിട്ടന്‍ പോലീസ്റ്റ അറസ്റ്റ് ചെയ്യുകയായിരുന്നു.
2003ല്‍ വിദ്യാര്‍ത്ഥി വിസയില്‍ യു കെയിലെത്തിയ ഉര്‍ഫാന്‍ ശരീഫ്. പോളണ്ടുകാരിയായ ഉള്‍ഗയെ 2009ല്‍ വിവാഹം ചെയ്യുകയായിരുന്നു. 2011ലായിരുന്നു ഇവര്‍ക്ക് സാറ ജനിക്കുന്നത്. 2015ഓടെ ഇവര്‍ തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് ബിനാഷ് ബത്തൂലിനെ ഇയാള്‍ വിവാഹം കഴിച്ചു. ടാക്സി ഡ്രൈവറായിട്ടായിരുന്നു ഉർഫാന്‍ ജോലി ചെയ്തിരുന്നത്. വിവാഹ മോചന ശേഷം 2019ഓടെയാണ് സാറാ ഉര്‍ഫാനിലേക്ക് എത്തിപ്പെടുന്നത്.
പിന്നീടങ്ങോട്ട് സാറയോട് ക്രൂരമായ പെരുമാറ്റമായിരുന്നു ഇവരുവരും കാട്ടിയിരുന്നത്. സ്‌കൂളിലേക്ക് പോയിരുന്ന കാലത്ത് ശരീരത്തിലെ പാടുകള്‍ മറയ്ക്കാന്‍ വേണ്ടി ഹിജാബിട്ടായിരുന്നു അയച്ചിരുന്നത്. ഹിജാബിന്‍റെ പേരില്‍ നേരിയ പ്രശ്‌നം നേരിട്ടതോടെ അയാള്‍ സാറയെ സ്‌കൂളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
കൊലപാതകം ചെയ്ത് താനാണ് ഇതിന് ഉത്തരാവദിയെന്ന് എഴുതിയ ഒരു കുറിപ്പ് അയാള്‍ സാറയുടെ അടുത്ത് വെച്ചിരുന്നു. പാക്കിസ്ഥാനിലെത്തി അവിടെ നിന്ന് സറേ പോലീസിന് വിവരം അറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. പക്ഷേ പിന്നീട് വിചാരണ സമയം താനല്ല ചെയ്തതെന്നു ആദ്യം എതിര്‍ത്തെങ്കിലും അവസാനം കുറ്റം സമ്മതിക്കുകയായിരുന്നു.