ദുബായ്: എന്നും വാര്‍ത്തകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ദുബായ് പുതിയൊരു ചരിത്ര നേട്ടത്തിനും കൂടി സാക്ഷിയായിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അനുമതി നല്‍കിയത്.
ഈ മൂന്ന് വര്‍ഷങ്ങളില്‍ ദുബായ് പ്രതീക്ഷിക്കുന്ന വരുമാനം 329.2 ബില്യന്‍ ദിര്‍ഹമാണ്. ആകെയുള്ള ചെലവ് 302.7 ബില്യന്‍ ദിര്‍ഹമുമായിരിക്കും. ഇതിന് മുമ്പ് ഇത്രയും ബില്യന്‍ ദിര്‍ഹംസിന്‍റെ ബജറ്റ് ദുബായില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നതാണ് പുതിയ റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിച്ചത്.
ഇതില്‍ 2026ന് മാത്രമായി പ്രതീക്ഷിക്കപ്പെടുന്ന ചിലവ് 99.5 ബില്യന്‍ ദിര്‍ഹമും വരുമാനം 107.7 ബില്യണ്‍ ദിര്‍ഹമുമാണ്. ഇവയെ അടിസ്ഥാന സൗകര്യ വികസനത്തിന് 48 ശതമാനവും, സാമൂഹിക വികസന മേഖലയ്ക്ക് 28 ശതമാനവും, സുരക്ഷാ, നീതിന്യായ മേഖലയ്ക്ക് 18 ശതമാനവും, സര്‍ക്കാര്‍ വികസന മേഖലയ്ക്ക് 6 ശതമാനവുമായ് വിഭജിച്ചിരിക്കുകയാണ്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളുള്ള നഗരങ്ങളിലൊന്നായ് ദുബായിനെ മാറ്റുകയെന്നതാണ് ഈ ചരിത്ര ബജറ്റിന് അംഗീകാരം നല്‍കുന്നതിന്‍റെ പിന്നിലുള്ള രഹസ്യമെന്ന് ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.