ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുണ്ടായ ഇടക്കാല സര്‍ക്കാര്‍ രാജിവെച്ചു. നാളെ പുതിയ പ്രധാനമന്ത്രിയായി താരീഖ് റഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്ത് ഭരണമേല്‍ക്കും.
ഇന്ന് യൂനുസ് നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. ‘മൗലീകാവശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാനായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. ഏകാധിപത്യം രാജ്യത്ത് വേണ്ടെന്നും ജനാധിപത്യമാണ് രാജ്യത്തിന്‍റെ പ്രത്യാശയെന്നും’ അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. രാജ്യത്ത് വോട്ട്‌ചെയ്ത് ജനാധിപത്യത്തോട് കൂറുപുലര്‍ത്തിയവരെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അദ്ദേഹം ഇടക്കാല സര്‍ക്കാര്‍ പ്രധാനമന്ത്രിയായി ഭരണമേറ്റെടുത്തത്.
ഫെബ്രുവരി 12ന് രാജ്യത്ത് നടന്ന തെരെഞ്ഞെടുപ്പില്‍ താരിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (BNP) വന്‍ഭൂരിപക്ഷത്തോടെ അധികാരം നേടിയെടുക്കുകയായിരുന്നു. രാജ്യത്ത് നടന്ന 297 സീറ്റുകളില്‍ 209 നേടിയാണ് ബിഎന്‍പി അധികാരം ഉറപ്പിച്ചത്. ജമാഅത്ത് ഇസ്ലാമിക്ക് 68 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. ശൈഖ് ഹസീനയുടെ പാര്‍ട്ടി അവാമി ലീഗിന് തെരെഞ്ഞെടുപ്പില്‍ മത്സരക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പതിമൂന്നോളം രാജ്യ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ട്. ചില രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളെത്തുമെങ്കിലും ഇന്ത്യ ഉള്‍പ്പടെ ചില രാജ്യങ്ങള്‍ അനുകൂലമായ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെങ്കിലും ഓം ബിര്‍ലയെ അയക്കുമെന്നാണ് കരുതപ്പെടുന്നത്.