വിശാഖപട്ടണം: ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു 18189 ടാറ്റാനഗര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിനിന് തീ പിടിച്ചു. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീ പിടിത്തമുണ്ടായത്. രണ്ട് ഏസി കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടു. കൂടുതല്‍ മരണ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ബി1 കോച്ചിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് എം 2 കോച്ചിലേക്ക് പടരുകയായിരുന്നു. തീ ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റാണ് ട്രയിന്‍ നിര്‍ത്തിയത്. യാത്രക്കാരെ മുഴുവനും ഉടനെ തന്നെ പുറത്തിറക്കാന്‍ സാധിച്ചതാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. യാത്രക്കാര്‍ മുഴുവനും ഉറക്കത്തിലായിരുന്നുവെന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുമായിരുന്നു.
മരിച്ചത് 70 വയസ്സുള്ള യാത്രക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാവിലെ അഞ്ച് മണിക്കായിരുന്നു ട്രയിന്‍ ടാറ്റാ നഗറില്‍ നിന്ന് ആരംഭിച്ചത്. 3 മണിക്കൂര്‍ വൈകിയായിരുന്നു ട്രയിന്‍ ഓടിക്കൊണ്ടിരുന്നത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയായിരുന്നു തീ അണയ്ച്ചത്.