കാഞ്ഞങ്ങാട്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. വിവാഹത്തിനായി കോട്ടയത്ത് നിന്നെത്തിയ സത്രീകളായിരുന്നു അപടകടത്തില്‍പെട്ടത്. ചിങ്ങവനം പാലക്കുടി വീട്ടില്‍ ചിന്നമ്മ ഉതുപ്പായ്, നീലം പേരൂര്‍ പരപ്പൂത്തറ ആലീസ് തോമസ്, എയ്ഞ്ചലീന എബ്രഹാം എന്നിവരാണ് മരണപ്പെട്ടത്.
കോട്ടയത്ത് നിന്ന് വധുവിന്‍റെ വീട്ടകാര്‍ക്കൊപ്പം രാവിലെ കാഞ്ഞങ്ങാടെത്തിയതായിരുന്നു ഇവര്‍. വൈകുന്നേരം മലബാര്‍ എക്‌സ്പ്രസില്‍ തിരിച്ചു പോകാനിരിക്കെയായിരുന്നു അപകടം. 50 പേരടങ്ങുന്ന സംഘമായിരുന്നു വിവാഹ സല്‍ക്കാരത്തിന് കാഞ്ഞങ്ങാടെത്തിയത്.
ട്രാവലറില്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഒന്നാം പ്ലാറ്റ്ഫോമില്‍ കയറിയ ഇവര്‍ ട്രയിന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലാണെന്ന് കരുതി മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമില്‍ എത്തി. ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ട്രയിന്‍ വരുന്നതെന്ന് കൂടെയുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അതേ വഴിയിലൂടെ അവര്‍ വീണ്ടും ഒന്നാം പ്ലാറ്റ്‌ഫോമില്‍ വരുമ്പോഴായിരുന്നു കണ്ണൂര്‍ ഭാഗത്ത് നിന്ന് വന്ന കോയമ്പത്തൂര്‍-ഹിസാര്‍ എക്‌സ്പ്രസ് ട്രയിന്‍ മൂന്നാളുകളെയും തട്ടിയത്. ആഘാതത്തില്‍ ശരീര ഭാഗങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.
ഭൗതീക ശരീരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മലബാര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്. ബാക്കിയുള്ള സംഘം ഈ ട്രയിനില്‍ യാത്ര തിരിക്കുകയും ചെയ്തു.