ബംഗ്ലാദേശ്: ധാക്കയില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി കലാപം ബംഗ്ലാദേശില്‍ രാജ്യ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലുള്ള യു. എ. ഇ പൗരന്മാര്‍ എത്രയും പെട്ടെന്ന് യു. എ. ഇലേക്ക് മടങ്ങണമെന്ന് ധാക്കയിലെ യു. എ. ഇ എംബസി അറിയിച്ചു. കലാപം നടക്കുന്ന ഭാഗങ്ങളില്‍ ഒരു കാരണവശാലും സന്ദര്‍ശിക്കുകയോ കൂടി നില്‍ക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പൗരന്മാര്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറും നല്‍കിയിട്ടുണ്ട് (009718004444). രാജ്യത്തിന് പുറത്ത് പോയ മുഴുവന്‍ പൗരന്മാരും തവാജുദീയില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനും അറിയിച്ചിട്ടുണ്ട്.
അതേ സമയം, യു എ ഇയിലുള്ള മുഴുവന്‍ ബംഗ്ലേദേശീ പൗരന്മാരും യു. എ. ഇയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്നും രാജ്യത്തെ നിയമ വിരുദ്ധമായ ഒരു കാര്യവും ചെയ്യരുതെന്നും യു. എ. ഇയിലെ ബംഗ്ലേദേശ് എംബസി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസമായിരുന്നു യു. എ. ഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ 3 ബംഗ്ലാദേശി പൗരന്മാര്‍ക്ക ജീവ പര്യന്തവും 54 പേര്‍ക്ക് ജയില്‍ വാസവും നാട് കടത്തലും യു. എ. ഇ സുപ്രീം കോടതി വിധിച്ചത്.
ബംഗ്ലാദേശിലെ കലാപം ശക്തമായതിനാല്‍ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ചു രാജ്യം വിട്ടിരുന്നു. ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. രാജ്യത്തെ തൊഴില്‍ മേഖലയിലുള്ള സംവരണവുമായി തുടങ്ങിയ പ്രക്ഷോഭമാണ് രാജ്യത്തുടനീളം വ്യാപിച്ചത്. ഇതുവരെ 300ന് മുകളില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റി്‌പ്പോര്‍ട്ടുണ്ട്.