യുഎഇ: യു.എ.ഇ ഗവണ്‍മെന്‍റ് പുതുതായി സ്ഥാപിച്ച കുടുംബ മന്ത്രാലയത്തിന്‍റെ ചുമതലയേറ്റെടുത്ത് ശൈഖ സന ബിന്‍ത് മുഹമ്മദ് സുഹൈല്‍ യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദും അബൂദാബി കിരീടാവകാശിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും സന്നിഹിതരായിരുന്നു.
രണ്ട് ദിവസം മുമ്പായിരുന്നു പുതിയ മന്ത്രാലയത്തിന്‍റെ പിറവിയെ കുറിച്ച് ശൈഖ് മുഹമ്മദ് തുറന്ന് പറഞ്ഞത്. കുടുംബം പുരോഗമനത്തിന്‍റെ അടിസ്ഥാനമാണെന്നും രാജ്യത്തിന്‍റെ നല്ല ഭാവിയുടെ നിലനില്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ രാജ്യത്തിന്‍റെ ഏറ്റവും വലിയ മുന്‍ഗണനയായി കുടുംബം കൊണ്ട് വരുമെന്നും അതിനായി പുതിയ മന്ത്രാലയം നിലവില്‍ വരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ കുടുംബ കെട്ടുറപ്പുമായി ബന്ധപ്പെട്ട് യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്‍റെ നിര്‍ദ്ദേശങ്ങള്‍ വാര്‍ഷിക യോഗങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതോടൊപ്പം സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ പേര് സാമൂഹിക ശാക്തീകരണമാക്കിയതായും നേതാക്കള്‍ അറിയിച്ചു. ഇതിന് മുമ്പ് സഹന മന്ത്രാലയമെന്ന പേരില്‍ വേറിട്ടൊരു വകുപ്പ് തുടങ്ങി ശൈഖ് നഹ്യാന് ബിന്‍ മുബാറക്ക് അല്‍ നഹ്യാനെ ചുമതലപ്പെടുത്തി യു.എ.ഇ ശ്രദ്ധ നേടിയിരുന്നു.