ജോര്‍ദാന്‍ സഊദി കിരീടവകാശികള്‍ ഖത്തറിലെത്തിയേക്കും
ദോഹ: ഖത്തറില്‍ ഇസ്രയേലിന്‍റെ അപ്രതീക്ഷിത ആക്രമണം കഴിഞ്ഞ് 24 മണിക്കൂറ് കഴിയും മുമ്പ് ശക്തമായ ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഖത്തറിലെത്തി. ഇന്നലെ രാത്രി ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേല്‍ ഖത്തറിന്‍റെ മേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ ഹയ്യയുടെ മകനടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലിന്‍റെ ആക്രമണത്തെ യുഎഇ വിശേഷിപ്പിച്ചത് രാജ്യാന്തര നിയമലംഘനവും ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലിലുള്ള കടന്നു കയറ്റവുമെന്നാണ്. ഒരു നിലക്കും വെച്ചു പൊറുപ്പിക്കാനാവാത്തതും ഖത്തറിന്‍റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനുള്ള നടപടികളില്‍ ഖത്തറിന് യുഎഇയുടെ പിന്തുണയുണ്ടാവുമെന്നും യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് അറിയിച്ചു.

എയര്‍പ്പോര്‍ട്ടില്‍ ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും അടങ്ങുന്ന പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയും ഖത്തറിന്‍റെ വിദേശകാര്യ മന്ത്രിയും സീനിയര്‍ ഓഫീസര്‍മാരും നേരിട്ടെത്തിയിരുന്നു. ജോര്‍ദ്ദാന്‍ കിരീടവകാശി ഹുസൈനും സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വൈകാതെ ഖത്തറിലെത്തിയേക്കും.