യു കെ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു കെയുടെ ചില ഭാഗങ്ങളിലായി നടക്കുന്ന കലാപത്തിന്‍റെ പശ്ചാതലത്തില്‍ പൗരന്മാരോട് ജാഗ്രതാ നിര്‍ദേശം പുറപ്പെടീവിച്ച് ഇന്ത്യയും യു. എ. ഇയും. കുടിയേറ്റ പൗരന്മാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധമാണ് യു കെയില്‍ വ്യാപിച്ചിരിക്കുന്നത്. മെഴ് സൈഡ്സിലെ സൗത്ത് പോര്‍ട്ടില്‍ നടന്ന ടെയ്‌ലര്‍ സ്വിഫ്‌റ്റിന്‍റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രതി യു. കെയിലെത്തിയ കുടിയേറ്റക്കാരനാണെന്ന് വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കുടിയേറ്റ-മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളില്‍ നിന്നാണ് പ്രതിഷേധം തുടങ്ങിയത്.
യു. എ. ഇ. പൗരന്മാര്‍ രാജ്യത്തെ എംബസിയുമായി ബന്ധപ്പെടണമെന്ന് ലണ്ടനിലെ യു. എ. ഇ. എംബസി പറഞ്ഞു. പൗരന്മാരോട് നിര്‍ബന്ധമായും തവാജുദിയില്‍ രജിഷ്ടര്‍ ചെയ്യാനും അറിയിച്ചിട്ടുണ്ട്.
ഒരു ഇന്ത്യന്‍ വംശജന് അക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. കലാപകാരികളോട് കയര്‍ത്തു എന്ന ആരോപിച്ചാണ് അയാളെ അക്രമിച്ചത്. ഇന്ത്യയിലെ പല സംഘടനകളും ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്.
അതേ സമയം കലാപത്തെ വലതു പക്ഷ തീവ്രത എന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. കലാപത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ പ്രശ്‌നങ്ങളാണ് രാജ്യത്ത് ഉടലെടുക്കുന്നതെന്നും പള്ളികള്‍ക്കെതിരായ ആക്രമണം ചെറുത്തു നില്‍ക്കുമെന്നും മറ്റു ന്യൂനപക്ഷങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ നിന്ന് 150 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തീവ്ര വലതു പക്ഷ അനുഭാവികളാണ് സമരത്തില്‍ പങ്കെടുത്തു അറസ്റ്റിലായ കൂടുതല്‍ പേരും. കലാപത്തിന്‍റെ പശ്ചാതലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് യു കെയിലേക്ക് തിരിക്കാന്‍ ഉദ്ദേശിച്ച സ്വദേശികളും യാത്രകള്‍ മാറ്റിവെക്കുന്നതായി വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.