പാരിസ്: 50 കിലോഗ്രാം ഗുസ്‌തി ഇനത്തില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനാല്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്‍റെ ഹരജി കോടതി തള്ളിയതായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. സംയുക്തമായി വെള്ളി നല്‍കണമെന്നായിരുന്നു രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയിലാണ് ഹരജി ഫയല്‍ ചെയ്‌തത്. എതിര്‍ കക്ഷികള്‍ വേള്‍ഡ് ഒളിംപിക് അസോസിയേഷനും യുണൈഡറ്റ് റെസ്ലിംഗ് വേള്‍ഡുമായിരുന്നു. വിധി പറയാന്‍ 10നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടത് 13ലേക്ക് മാറ്റി. തുടര്‍ന്ന് വാദം പൂര്‍ത്തിയായി 16ന് വിധി പറയുമെന്ന് കോടതി പറഞ്ഞിരുന്നു.
“നിയമ വശം എല്ലാര്‍ക്കും പാലിക്കാനുള്ളതാണെന്നും അത് ആര്‍ക്കും തിരുത്താന്‍ വേണ്ടിയുള്ളതല്ലെന്നും” കേസിലെ കക്ഷികളായ യുണൈറ്റഡ് റെസ്ലിംഗ് വേള്‍ഡിന്‍റേയും രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്‍റേയും നേതൃത്വം അറിയിച്ചിരുന്നു. ഫൈനല്‍ വരെ ഭാര പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയായതാണെന്നും ഫൈനലിലേക്ക് പ്രവേശിച്ചത് വെള്ളിക്കുള്ള അര്‍ഹതയുണ്ടെന്നും വിനേഷ് കോടതിയില്‍ അറിയിച്ചിരുന്നു.
വാദം കേട്ടയുടനെ വിധി പറയുമെന്നായിരുന്നു കോടതി പറഞ്ഞതെങ്കിലും, പിന്നീട് തീരുമാനമെടുക്കാന്‍ ഏക ആര്‍ബിട്രേറ്റര്‍ ഡോ. അനബല്‍ ബെന്നറ്റിന് കോടതി ചൊവ്വാഴ്‌ച്ച വരെ സമയം അനുവദിക്കുകയായിരുന്നു. കക്ഷികള്‍ക്ക് ആര്‍ബിട്രേറ്റര്‍ മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും സമയം നല്‍കി. അത് കൊണ്ടാണ് വിധി പറയല്‍ 16ലേക്ക് മാറ്റിയത്.