ഫലസ്തീന്‍: ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഇസ്‌മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെ പുതിയ പകരക്കാരനെ നിയമിച്ച് ഹമാസ്. ഹമാസ് സംഘടനയെ ഇനി യഹ്യ സിന്‍വാര്‍ നയിക്കും. ഇസ്‌മായീല്‍ ഹനിയ്യ സൗമ്യനായിരുന്നുവെങ്കില്‍ യഹ്യ സിന്‍വാര്‍ തികച്ചും ഗാംഭീര്യമുള്ളയാളാണ്. ഇസ്‌റാഈല്‍ ജയിലറയില്‍ 22 വര്‍ഷത്തോളം ജയില്‍ വാസം. 2011 ഒക്ടോബറില്‍ പിടിക്കപ്പെട്ട ഇസ്‌റാഈലി കമാന്‍ഡര്‍ ഗിലാദ് ഷാലിതിന് പകരം 1027 ഹമാസ് തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചിരുന്നു. അവരിലൊരാളായി യഹ്യ സിന്‍വാറും ജയില്‍ മോചിതനാവുകയായിരുന്നു. അദ്ദേഹം പിന്നീട് ഹമാസിന്‍റെ തലപ്പത്തെത്തി. രണ്ട് ഇസ്‌റാഈലി സൈനികരെ വധിച്ച കേസിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌ത് നാല് ജീവ പര്യന്തം ശിക്ഷ വിധിക്കുന്നത്.
ഒരു പക്ഷേ ഇസ്‌റാഈലിന്‍റെ എക്കാലത്തേയും പേടി സ്വപ്‌നമാവാനും മാറാനുള്ള മനോവീര്യവും ധീരതയുമുള്ള വ്യക്തിയാണ് യഹ്യ സിന്‍വാര്‍. ഗസ്സയിലെ ഖാന്‍ യൂനിസ് അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു അദ്ദേഹം ജനിക്കുന്നത്. 1948ലെ അറബ് ഇസ്രഈല്‍ യുദ്ധ സമയത്ത് അസ്‌ഖലോനില്‍ നിന്ന് പലായനം ചെയ്‌ത് ഖസ്സയിലെത്തിയതായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബം. ദുരിത പൂര്‍ണ്ണമായ ബാല്യം. ഖാന്‍ യൂനിസിലെ ബോയ്‌സ് സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ഗസ്സയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രിയും സ്വന്തമാക്കി. പഠന സമയത്ത് തന്നെ രാഷ്ട്രീയത്തില്‍. തുടര്‍ന്ന് ഇസ്ലാമിക് ബ്ലോക്കിന്‍റെ തലപ്പത്തെത്തി. പിന്നീടങ്ങോട്ട് ഫലസ്‌തീന്‍റെ വിമോചന യുദ്ധങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.
ഇസ്‌റാഈല്‍ വിരോധവും ഫലസ്തീന്‍ വിമോചന ശ്രമവും ഇസ്‌റാഈലി ചാരന്മാരെ കൊന്നകേസിലടക്കം രണ്ട് പ്രാവശ്യം അദ്ദേഹത്തിന് ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വന്നു. 2006ല്‍ നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിലാണ് ഇസ്‌റഈലി കമാന്‍ഡറിനെ പിടിക്കുന്നത്. 2011 മോചന കൈമാറ്റത്തിന് കാരണമാവുന്നതും ഇതു തന്നെയായിരുന്നു.
പിന്നീടങ്ങോട്ട് ഹമാസിന്‍റെ സൈനീക വിഭാഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. 2015ഓടെ അമേരിക്കയുടെ നോട്ടപ്പുള്ളികളില്‍ പ്രധാനിയായി മാറി. ഹമാസിന്‍റെ സൈനീക സൂത്രധാരനും കൂടിയാണ് യഹ്യ സിന്‍വാര്‍. 2017ഓടെ ഹമാസിന്‍റെ തലപ്പത്തേക്ക് വന്നു. ഇസ്‌മായീല്‍ ഹനിയ്യക്ക് ശേഷമുള്ള രണ്ടാമനായി ഹമാസില്‍ നിലകൊണ്ടു. 2021ല്‍ അദ്ദേഹത്തിന്‍റെ വീടിന് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തി. വധ ഭീഷണി നേരിടുന്ന പശ്ചാതലത്തില്‍ പല പ്രാവശ്യവും അദ്ദേഹം പബ്ലിക്കില്‍ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല സ്വന്തം വീട്ടിലേക്ക് നടന്ന് പോവുന്ന ചിത്രവും ഇസ്‌റാഈലിന് മുന്നില്‍ പങ്കുവെച്ചു.
ഇന്ന് നടക്കുന്ന യുദ്ധത്തിന്‍റെ തുടക്കം, 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിന് നേരെ നടന്ന മിന്നലാക്രമണത്തിന്‍റെ സൂത്രധാരന്‍ യഹ്യ സിന്‍വാറായിരുന്നു. ഒരാഴ്‌ച്ച കൊണ്ട് ഹമാസിനെ തുടച്ച് നീക്കാമെന്ന് വിചാരിച്ചിറങ്ങിയ ഇസ്‌റഈലിന് മാസം പത്ത് കഴിഞ്ഞിട്ടും ഹമാസിന്‍റെ ഒളിത്താവളം പോലും കണ്ടെത്താനായിട്ടില്ലെന്നതാണ്.
യഹ്യാ സിന്‍വാര്‍ അധികാരത്തില്‍ വരുന്നതോടെ ഇസ്‌റഈലിന് ഉറക്കില്ലാ രാത്രികളാവും സമ്മാനിക്കുക. 4 ലക്ഷം ഡോളറാണ് ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ തലയ്‌ക്ക് വിലയിട്ടിരിക്കുന്നത്. വെടി നിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്‌മായീല്‍ ഹനിയ്യക്കൊപ്പം അദ്ദേഹവും കൂടിയുണ്ടായിരുന്നു. ഹമാസിന്‍റെ നാശമാണ് യഹ്യാ സിന്‍വാറിന്‍റെ സ്ഥാനാരോഹണം എന്നാണ് ഇസ്‌റഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞത്.
ഏതായാലും ഹമാസിന്‍റെ സൈനീക മുന്നണിപ്പോരാളികളില്‍ നിന്ന് നേതൃസ്ഥാനത്തെത്തുന്ന യഹ്യ സിന്‍വാര്‍ ഇസ്‌റാഈലിനും അമേരിക്കയ്‌ക്കും വലിയൊരു തലവേദനയായിമാറുമെന്ന് തീര്‍ച്ച.