കീവ്: പ്രതീക്ഷകള്‍ക്ക് വക നല്‍കി വീണ്ടും സെലന്‍സ്‌കിയുടെ പ്രതിനിധി സംഘം യുഎസിലേക്ക് യാത്ര തിരിച്ചു. ട്രംപുമായി നടത്തുന്ന പുതിയ ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയുണ്ട്. യുക്രെയിനിന്‍റെ പ്രതിനിധി സംഘത്തെ നയിക്കുന്നത് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി റസ്റ്റം ഉമെറോവാണ്.
മൂന്നാം ചര്‍ച്ചകള്‍ക്കായാണ് സംഘം അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബൂദാബിയിലും ജനീവയിലും നടന്ന ആദ്യ രണ്ട് ചര്‍ച്ചകളില്‍ ഏകദേശം യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയായിട്ടുണ്ട്. പക്ഷേ ചില കരാറുകളില്‍ ഇനിയും തീരുമാനമാവാനുണ്ടെന്നതാണ് അന്തിമ തീരുമാനം വൈകിക്കുന്നത്. ഇക്കാര്യം യുക്രെയന്‍ പ്രസിഡണ്ട് സെലന്‍സ്‌കി മുമ്പേ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച 28 പോയിന്‍റ് പ്ലാനില്‍ ചില കരാറുകള്‍ ശ്രദ്ധേയമാണ്. അതില്‍ യുക്രയിനിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. ചില പ്രദേശങ്ങളുടെ അവകാശ കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. ഈ രണ്ട് കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ സംഘത്തിന്‍റെ യാത്രയ്ക്ക് പോസിറ്റീവായ മറുപടി ലഭിച്ചേക്കും.
ഞങ്ങള്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നു. സംഘത്തിന്‍റെ റിപ്പോര്‍ട്ട് ഞായറാഴ്ച്ച പ്രതീക്ഷിക്കും. ഞങ്ങള്‍ യോഗ്യമായ സമാധാന ശ്രമങ്ങള്‍ക്കായ് എന്നും പ്രാര്‍ത്ഥിക്കുന്നു” പ്രതിനിധി സംഘത്തിന്‍റെ പുറപ്പെടലിന് ശേഷം യുക്രയ്ന്‍ പ്രസിഡണ്ട് സെലന്‍സ്കിയുടെ വാക്കുകളായിരുന്നു ഇത്. പക്ഷേ ഇതിനിടയിലും യുദ്ധം തുടരുന്ന റഷ്യയുടെ നിലവിലെ നിലപാടിനോട് ഇരു രാജ്യങ്ങളും എങ്ങനെ സഹകരിക്കുമെന്നും കണ്ടറിയാനുണ്ട്.