നെയ്‌റോബി: ഓരോ റണ്‍മല ഉയർത്തുമ്പോഴും ഇത് മറികടക്കാന്‍ ആർക്ക് സാധിക്കുമെന്ന ക്രിക്കറ്റ് ആരാധകരുടെ സംശയങ്ങളാണ് ദിനം പ്രതി ക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തില്‍ തീര്‍ന്ന് ഇല്ലാതാവുന്നത്. ഇന്ന് റണ്‍വേട്ടയില്‍ പുതിയൊരു റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സിംബാബ്‌വെ. നേതൃത്വം നല്‍കിയിരിക്കുന്നത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ അത്യുഗ്രന്‍ സെഞ്ചുറിയും.
ട്വന്‍റി ലോകകപ്പ് സബ് റീജ്യനല്‍ ആഫ്രിക്ക് ക്വാളിഫയര്‍ മാച്ചില്‍ ഗാംബിയയ്‌ക്കെതിരെയാണ് സിംബാബ് വെയുടെ റണ്‍മല പിറന്നത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ് വെ അടിച്ചു കൂട്ടിയത്. 43 പന്തില്‍ 133 റണ്‍സ് നേടി പുറത്താകാതെ നിന്ന സിക്കന്ദര്‍ റാസയാണ് വെടിക്കെട്ടിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ട്വന്‍റിയിലെ സിംബാബ് വെയുടെ കന്നി സെഞ്ചുറി വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും കൂടി സ്വന്തമാക്കിയിരിക്കുയാണ് റാസ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗാംബിയ 14.4 ഓവറില്‍ 54 റണ്‍സിന് എല്ലാവരും പുറത്തായി. 290 റണ്‍സിന്‍റെ കൂറ്റന്‍ വിജയവും സിംബാബ് വെ സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്‌ക്കെതിരെ നേപ്പാള്‍ നേടിയ 314 റണ്‍സിൻ്റ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ട്വന്‍റിയിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും കൂടിയാണ് ഇന്ന് റാസയുടെ പേരില്‍ കുറിക്കപ്പെട്ടത്. 27 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടിയ എസ്‌തോണിയന്‍ താരം സഹില്‍ ചൗഹാന്‍റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡുള്ളത്.