ഷിരൂര്‍: കാര്‍വാറിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കുറവുണ്ടെന്നും ചൊവ്വാഴ്ച്ച തിരച്ചില്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നും നേരത്തേ അധികൃതര്‍ അറിയിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നിറുത്തി വെച്ചിരുന്നത്.
സോണാര്‍ ഉപയോഗിച്ചായിരിക്കും അന്വേഷണം നടത്തുക. റഡാറുപയോഗിച്ച് ലോറിയുടെ സ്ഥാനം കണ്ടെത്താന്‍ വീണ്ടും ശ്രമിക്കും. മുന്‍പ് കണ്ടെത്തിയ ഭാഗത്ത് നിന്ന് ചലനം സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ലോറി കണ്ടെത്തിയാല്‍ അകത്തേക്ക് കടക്കാനാണ് ദൗത്യ സംഘത്തിന്റെ പദ്ധതി. നാവിക സേനയായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്‍കുക.
അര്‍ജുന്റെ തിരച്ചിലിന് വേണ്ടി കര്‍ണ്ണാടക കോടതിയില്‍ കുടുംബം ഹരജി ഫയല്‍ ചെയ്തിരുന്നുവെങ്കിലും അത് പെട്ടെന്ന് പരിഗണിച്ചിട്ടില്ല. അന്വേഷണം നിര്‍ബന്ധമായും തുടരുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചിരുന്നു.
അര്‍ജുനോടൊപ്പം രണ്ട് കര്‍ണ്ണാടക സ്വദേശികളെ കൂടി മണ്ണടിച്ചില്‍ കാണാതായിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയും അന്വേഷണം നടക്കും.