വിധി വിചിത്രമെന്ന് മകന് ശാഫി
ചെമ്പരിക്ക: മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടുമായിരുന്ന സി.എം.അബ്ദുല്ല മൗലവി വധക്കേസില്‍ സി. ബി. ഐ. കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു. സി. ബി. ഐക്കെതിരെ സി എം അബ്ദുല്ല മൗലവിയുടെ മകന് സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. ഇന്നലെ കോടതിയില്‍ നടന്ന വാദത്തിനൊടുവിലാണ് റിപ്പോര്‍ട്ട് ശരിവെച്ചുള്ള വിധിപ്രസ്താവം വന്നത്. ആത്മഹത്യ എന്ന രീതിയിലായിരുന്നു സി. ബി. ഐ. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം രണ്ട് പ്രാവശ്യവും റിപ്പോര്‍ട്ട് തള്ളിയെങ്കിലും മൂന്നാം തവണ സി ബി ഐ റിപ്പോര്‍ട്ട് ശരി വെക്കുകയായിരുന്നു. പുതിയ ജഡ്ജിയായിരുന്നു ഇന്നലെ വിധി പറഞ്ഞത്.
സി. ബി. ഐ. കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പുതിയ ഹരജി ഫയല്‍ ചെയ്യുമെന്ന് മകന് ശാഫി പറഞ്ഞു. ഇത് നീധി നിഷേധമാണെന്നും വിധിക്കെതിരെ ശക്തമായ രീതിയില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. സാഹചര്യത്തെളിവുകള്‍ മുഴുവനും കൊലപാതകമാണെന്ന് തെളിയിച്ചിട്ടും ഈ കേസ് തിരിച്ചു വിടുന്നത് ആരെയൊക്കെയോ രക്ഷപ്പെടുത്താന്‍ വേണ്ടിയാണെന്നാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും വാദിക്കുന്നത്.
2010 ഫെബ്രുവരി 15നായിരുന്നു നാട്ടില്‍ പൊതുസമ്മതനും മുതിര്‍ന്ന പണ്ഡിതനുമായിരുന്ന ഖാസി സി. എം. അബ്ദുല്ല മൗലവി കൊല്ലപ്പെടുന്നത്. ആദ്യം മുതല്‍ തന്നെ അന്വേഷണത്തില്‍ അപാകത വരുത്തിയ ഈ കേസ് വഴിതിരിച്ച് വിടാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആക്ഷന്‍ കമ്മിറ്റിയും കുടംബവും ആരോപിച്ചിരുന്നു. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സി. ബി. ഐക്ക് ഈ കേസ് വിട്ടുനല്‍കിയത്. ചെമ്പരിക്ക കടപ്പുറത്ത് അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള സമരം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.