മലപ്പുറം: മലപ്പുറം ജില്ലയില്‍ മരണപ്പെട്ട യുവാവിന്‍റെ പരിശോധന ഫലത്തില്‍ നിപ്പ സ്ഥിരീകരിച്ചു. തുടര്‍ന്ന് ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ കണ്ടെയന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവാലിയിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്. ഈ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ഇവിടെ നടക്കാനിരുന്ന നബിദിന റാലിയുള്‍പ്പെടെയുള്ള ജനക്കൂട്ട പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി.
ബാംഗ്ലൂരില്‍ പഠനം നടത്തുന്ന യുവാവിനായിരുന്നു നിപ്പ വൈറസ് സ്ഥിരീകരിച്ചത്. മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയാണിദ്ദേഹം. പെരിന്തല്‍മണ്ണ എം. ഇ. എസ്. കോളേജില്‍ വെച്ചായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. അവിടെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവാവുകയും തുടര്‍ന്ന് പൂണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അതേ ഫലം പുറത്ത് വരികയും ചെയ്തതോടെയാണ് സ്ഥിരീകരണമുണ്ടായത്.
അദ്ദേഹവുമായുള്ള സമ്പര്‍ക്കത്തിലുള്ള സഹോദരി, സുഹൃത്ത്, ചികിത്സ തേടിയ നാലോളം ആശുപത്രികള്‍ തുടങ്ങിയവരൊക്കെ നിരീക്ഷണത്തിലാണ്. ജില്ലാ കളക്ടര്‍ ആരോഗ്യ വകുപ്പുമായി ചര്‍ച്ച നടത്തി ബാക്കി നടപടികള്‍ നാളെ അറിയിക്കും.