കോട്ടയം/ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി നിലമ്പൂര്‍ എം. എല്‍. എ. പി. വി. അന്‍വര്‍. അന്‍വറിനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളാണ് വീണ്ടും അദ്ദേഹത്തെ ചൊടിപ്പിച്ചത്. സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് വേണ്ടിയാണ് അന്‍വര്‍ സംസാരിക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. തന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റന്നാണ് അന്‍വര്‍ ഈ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചത്.
സി. പി. എം. മുന്നണിയിലെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ആ സ്ഥാനത്തിനരിക്കാന്‍ ഇനി അയാള്‍ക്ക് യോഗ്യതയില്ലെന്നും മന്ത്രി റിയാസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ നയങ്ങളും ആഭ്യന്തര വകുപ്പും കുത്തകയാക്കുകയാണ് പിണറായി വിജയനെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്‍വര്‍ തുറന്നടിച്ചു. റിയാസിനെ പോലുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയില്‍, ഞങ്ങളെ പോലെയുള്ളവര്‍ക്കും പാര്‍ട്ടി വേണമെന്നും, കൊടിയേരി സഖാവ് ഉണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഈ മൈക്ക് എടുക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ പേടിയുണ്ടെങ്കില്‍ അത് ദൈവത്തെ മാത്രമാണെന്നും പാവങ്ങളോടൊപ്പം എന്നുമുണ്ടാവുമെന്നും അദ്ദേഹം തന്‍റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം അന്‍വറിന്‍റെ വാര്‍ത്താ സമ്മേളനം കഴിഞ്ഞയുടനെ മുഖ്യമന്ത്രി പിണറായി വിജയനും സി. പി. എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ഫോണില്‍ ആശയ വിനിമയം നടത്തി. ഒക്ടോബര്‍ നാലിന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ അന്‍വറിനെതിരെ നടപടി സ്വീകരിക്കാനാണ് സി. പി. എം. തീരുമാനം. ഡല്‍ഹിയില്‍ സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കണ്ടു. നാളെ മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് ഡല്‍ഹിയിലേക്ക് പറക്കും. ഡല്‍ഹിയില്‍ ചേരുന്ന കൂടിക്കാഴ്ച്ചക്ക് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് പാര്‍ട്ടീ സെക്രട്ടറി സൂചിപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം. എ. ബേബിയും എ. വിജയരാഘവും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. പൊളിറ്റ് ബ്യൂറോ യോഗത്തിനായി അവരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
അന്‍വറിനെതിരെ സി. പി. എം. വാളെടുക്കുമെന്ന് തന്നെയാണ് നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് മനസ്സിലാകുന്നത്. പാർട്ടീ പ്രവര്‍ത്തകരെ തെറ്റിപ്പിക്കാത്ത വിധത്തില്‍ നിലമ്പൂരില്‍ പ്രവര്‍ത്തനം നടത്താനും സി. പി. എമ്മിന് ആലോചനയുണ്ട്. പ്രാദേശികമായി വിശദീകരണ യോഗം അന്‍വര്‍ നടത്തിയാല്‍ സി. പി. എം. മറുപടിയായി വിശദീകരണം സമ്മേളനം വെക്കാനും പദ്ധതിയുണ്ട്.
അതേ സമയം പാര്‍ട്ടി നടപടിയെടുത്താല്‍ എം. എല്‍. എ. സ്ഥാനം രാജിവെക്കാതെ നിയമസഭയില്‍ തുടരാനാണ് അന്‍വറിന്‍റെ നീക്കം. അത് സി. പി. എമ്മിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കും.