ഷിരൂര്‍: എനിക്ക് ആ വണ്ടീം വേണ്ട, മരവും വേണ്ട, ആ വണ്ടി പൊക്കി അതിനുള്ളില്‍ നിന്ന് അര്‍ജുനെ എടുത്ത് കുടുംബത്തിന് നല്‍കണം. അത് ഞാന്‍ അവന്‍റെ വീട്ടുകാര്‍ക്ക് കൊടുത്ത വാക്കാണ്. ആ വാക്ക് ഞാന്‍ ഇവിടെ പാലിക്കുന്നു’ ലോറിയും മൃതദേഹവും കണ്ടെത്തിയ ഉടനെ ലോറി മുതലാളി മനാഫ് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞ വാക്കാണിത്. 71 ദിവസത്തെ തിരച്ചിലിനൊടുവില്‍ അര്‍ജുന്‍ ഓടിച്ച ലോറിയും അതിനകത്ത് അര്‍ജുന്‍റേതെന്ന് സ്ഥിരീകരിക്കാവുന്ന രൂപത്തില്‍ മൃതദേഹവും കണ്ടെത്തി. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. നാവിക സേനയുടെ തിരച്ചിലും സൂചനയും ഇതിന് ഏറെ സഹായകമായിരുന്നു.
ക്രയിന്‍ ഉപയോഗിച്ച് കാബിന്‍ ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തു. കാര്‍വാര്‍ മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡി. എന്‍. എ. പരിശോധനക്ക് ശേഷം കുടുംബത്തിന് വിട്ട് നല്‍കും.
അര്‍ജുന്‍ കാണാതായ ദിവസം മുതല്‍ ലോറി ഉടമ മനാഫ് സംഭവസ്ഥലത്തുണ്ടായിരുന്നു. പല ആരോപണങ്ങളും അദ്ദേഹം നേരിട്ടു പക്ഷേ തന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്തിരിഞ്ഞിരുന്നില്ല. ഒരു നിമിഷം തിരച്ചില്‍ നിര്‍ത്തി എന്ന് തോന്നിച്ച സമയത്ത് മനാഫിന്‍റെ ഇടപെടലാണ് അന്വേഷണം തുടരാന്‍ കാരണമായത്. മനാഫിന് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയകള്‍ നല്‍കുന്നത്. എല്ലാ മുതലാളിമാര്‍ക്കും മാതൃകയാണദ്ദേഹമെന്നും സോഷ്യല്‍ മീഡിയകളില്‍ പലരും കുറിച്ചു വിട്ടു.
ദൗത്യ നിര്‍വ്വഹണത്തിന്‍റെ നാള്‍ വഴികള്‍
ജൂലൈ 16 ഷിരൂരിലെ മണ്ണിടിച്ചില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി കാണാതായി
ജൂലൈ 19 തിരച്ചിലിന്‍റെ പ്രാരംഭ ഘട്ടം
ജൂലൈ 20 റഡാറില്‍ നിന്ന് സിഗ്നലുകള്‍ ലഭിച്ചു
ജൂലൈ 25 അന്വേഷണ ചുമതല റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന് നല്‍കുന്നു
ജൂലൈ 27 ഈശ്വര്‍ മാല്‍പെ സംഘം ദൗത്യം ഏറ്റെടുക്കുന്നു
ഓഗസ്റ്റ് 3 തിരച്ചില്‍ തുടര്‍ന്ന് ലോറിയുടെ ചെറിയ ഭാഗം കണ്ടെത്തി
സെപ്റ്റംബര്‍ 20 ഗോവയില്‍ നിന്ന് ട്രജര്‍ എത്തിച്ചു
സെപ്റ്റംബര്‍ 22 ഈശ്വര്‍ മാല്‍പ്പെ അന്വേഷണം നിര്‍ത്തി
സെപ്‌ററംബര്‍ 23 ഇന്ദ്രബാലന്‍റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍
സെപ്റ്റംബര്‍ 25 ഉച്ച കഴിഞ്ഞ് ലോറിയും കാബിനില്‍ മൃതദേഹവും കണ്ടെത്തി