കൊല്ലം: രണ്ട് ദിവസം മുമ്പ് പാണക്കാട് കുടുംബത്തിനെതിരെ കടുത്ത ഭാഷാ പ്രയോഗം നടത്തിയതിന് ശക്തമായി വിമര്‍ശനമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. മുസ്ലിം ലീഗിന് പുറമെ പല മുസ്ലിം സംഘടനകളും ഭാഷാ പ്രയോഗത്തെ വിമര്‍ശിച്ചു മുന്നോട്ടു വന്നു. അതിനിടയിലാണ് പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങളെ തന്നെ പേരിടത്ത് പരാമര്‍ശിച്ച് ജമാഅത്തെ ബന്ധാരോപണം നടത്തി പുതിയ പ്രസ്താവന വന്നിരിക്കുന്നത്. സി.പി.എം. നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ഇ.എം.എസ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് വീണ്ടും വിവാദ പരാമർശം നടത്തിയത്.
”പാണക്കാട് ഒരുപാട് തങ്ങന്മാരുണ്ടെന്നും ഞാന്‍ മുസ്ലിം ലീഗിന്‍റെ പ്രസിഡണ്ട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ലീഗ് ജമാഅത്ത് ഇസ്ലാമിയോടൊപ്പമോ എസ്.ഡി.പി.ഐയോടൊപ്പമോ നില കൊണ്ടിട്ടുണ്ടോ? അവരോട് സ്‌നേഹത്തിന്‍റെ സമീപനം ഇതിന് മുമ്പ് സ്വീകരിച്ചിട്ടുണ്ടോ? ഇപ്പോള്‍ കാണുന്ന ഈ സമീപനത്തിന് നേതാവെന്ന നിലക്ക് അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും അപ്പോള്‍ സ്വാഭാവികമായും എന്‍റെ പാര്‍ട്ടിയുടെ നയം പറയുകയും ചെയ്യുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ സ്വാദിഖലി തങ്ങള്‍ക്ക് എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ഭാഷ്യം.
അതിന് ലീഗ് തീവ്രവാദ നിലാപടുമായി ഞങ്ങള്‍ക്കെതിരെ വരേണ്ടെന്നും അതൊന്നും ഇവിടെ വിലപോവില്ലെന്നും ഞാന്‍ പറഞ്ഞതിനോട് പ്രതികരിച്ച ഭാഷ തീവ്രവാദത്തിന്‍റേ താണെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാബറി മസ്ജിദ് ധ്വംസനവും ആ സമയത്ത് അന്നത്തെ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ നിലകൊണ്ട സമീപനം രാഷ്ട്രീയ സമീപനമാണെന്നും മുഖ്യമന്ത്രി പ്രസംഗത്തിനടയില്‍ ആരോപിച്ചു.
പാണക്കാട് കുടുംബത്തിനെതിരെ ആരോപണമുന്നയിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന മുതിര്‍ന്ന ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജി പറഞ്ഞു.