ഗാസ: ഇന്ന് ഇന്ത്യന്‍ സമയം 12 മണിക്ക് ലോകം കാത്തിരുന്ന ആ സമാധാന നിമിഷം പുലരുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ ഇന്നലെ വീണ്ടും പ്രത്യാശകള്‍ തകിടം മറിച്ച് കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റേത്. ആദ്യ ദിനം മോചിപ്പിക്കുന്ന 3 ബന്ധികളുടെയോ തുടര്‍ന്ന് മോചിപ്പിക്കേണ്ട 33 തടവുകാരുടേയോ പേര് വിവരങ്ങള്‍ ഹമാസ് നല്‍കിയില്ല, കരാറനുസരിച്ച് മോചനം നടത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൈമാറണം. അത് കൊണ്ട് അക്രമണം ഞങ്ങള്‍ തുടരുമെന്നും കരാർ ലംഘനം ഇസ്രയേല്‍ സഹിക്കില്ലെന്നുംം അദ്ദേഹം വ്യക്തമാക്കി. പക്ഷേ സാങ്കേതിക കാരണമാണ് വിവരങ്ങള്‍ നല്‍കാന്‍ വൈകിയതെന്ന് ഹമാസും പ്രതികരിച്ചു.
ഖത്തറിന്‍റെ മധ്യസ്ഥതയിലായിരുന്നു സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്. വെള്ളിയാഴ്ച്ച നീണ്ടുനിന്ന 6 മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേല്‍ മന്ത്രിസഭ ഈ കരാറിന് അംഗീകാരം നല്‍കിയത്. 3 ഘട്ടമായാണ് നടപടികള്‍ മുന്നോട്ട് പോവുക.. ആദ്യ ഘട്ടത്തില്‍ 42 ദിവസമാണ് കരാർ നീണ്ടു നില്‍ക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി ഹമാസ് 33 തടവുകാരെ വിട്ടയക്കും. ആദ്യം മൂന്ന് സ്ത്രീകളെയും തുടര്‍ന്ന് 5 ദിവസത്തിന് ശേഷം 4 പേരെയും പിന്നീടങ്ങോട്ട് ബാക്കിയുള്ള 26 പേരെയും മോചിപ്പിക്കും. മറുവശത്ത് 1900 ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കും. മുഴുവന്‍ ഫലസ്തീന്‍ സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ മോചിതരാക്കുക.
ഒന്നാം ഘട്ടത്തിന്‍റെ 16 ദിവസം കഴിഞ്ഞാവും രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുക. ഈ കാലയളവില്‍ കരാര്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അക്രമണം തുടരുമെന്നാണ് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. വെടി നിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ ഫലസ്തീനിലേക്കുള്ള സഹായവുമായി വരുന്ന വാഹനങ്ങള്‍ക്ക് അതിർത്തി കടക്കാന്‍ സാധിക്കുകയുള്ളു.