ആദ്യ മോചിതരായ മൂന്ന് സ്ത്രീകളെ ഇസ്രയേലിന് കൈമാറി ഹമാസ്.
ടെല്‍ അവീവ്: നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനൊടുവില്‍ ഫലസ്തീനില്‍ സമാധാന കൊടിയുയര്‍ന്നു. ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് ഉച്ചയോടെ പ്രാബല്യത്തില്‍ വന്നു. രാവിലെ വരെ ആദ്യ മോചിതരുടെ പേര് വിവരങ്ങള്‍ കൈമാറാത്തതില്‍ പ്രതിഷേധിച്ച് അക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ന്ന് ഹമാസ് വിവരങ്ങള്‍ കൈമാറിയ ഉടനെ പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു. ഇതോടെ നീണ്ട ഒന്നര വര്‍ഷത്തെ യുദ്ധത്തിന് താത്കാലിക വിരാമമായി.
ആദ്യം മോചിതരായ മൂന്ന് ഇസ്രയേല്‍ സ്ത്രീകളുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തു വിട്ടു. ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എിലി ദമാരി, റോമി ഗോനെന്‍ എന്നിവരാണ് ബന്ധനത്തില്‍ നിന്ന് മോചിതരായത്. ഇവരെ പ്രാദേശിക സമയം നാല് മണിയോടെ റെഡ് ക്രോസിന് കൈമാറി. നെറ്റ്‌സരിം ഇടനാഴഇയില്‍ വെച്ച് ഇസ്രയേല്‍ സൈന്യം അവരെ സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ അവരെ ടെല്‍ അവീവിലെ മെഡിക്കല്‍ സെന്‍ററില്‍ പരിശോധനയ്ക്ക് വിധേയരാക്കി. വൈകാതെ അവര്‍ കുടുംബങ്ങളുമായി ചേരും. സ്വീകരിക്കാന്‍ മൂന്ന് പേരുടെ അമ്മമാരും സന്നിഹതരായിരുന്നു. 90 ഫലസ്തീനികളെ ഏറെ വൈകാതെ തന്നെ ഇസ്രയേല്‍ മോചിതരാക്കും.
വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ അതിര്‍ത്തിയില്‍ സഹായവുമായി വന്ന ഇരുന്നൂറോളം ട്രക്കുകള്‍ക്ക് അതിര്‍ത്തി തുറന്നു കൊടുത്തു. ആദ്യ ട്രക്കുകള്‍ ഫലസ്തീനിലെത്തിയതായി യു എന്‍ ഹ്യുമാനിറ്റേറിയന്‍ തലവന്‍ ജൊനാഥന്‍ വിട്ടല്ലി അറിയിച്ചു. വൈകാതെ മുഴുവന്‍ ട്രക്കുകളും ഫലസ്തീനിലെത്തും. ഇതോടെ ഫലസ്തീന്‍ ജനതയ്ക്ക് താത്കാലിക ആശ്വാസമാവും.
പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നതോടെ ഒറ്റ്മസ് യെഹൂദിത പാര്‍ട്ടി ഇസ്രയേല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. സുരക്ഷാ മന്ത്രിയും പാര്‍ട്ടീ നേതാവുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രാജി വെച്ചു. മറ്റു അംഗങ്ങളും വൈകാതെ രാജികത്ത് സമര്‍പ്പിച്ചേക്കും. ഇതോടെ 68 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നു സര്‍ക്കാരിന് 62 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 61 അംഗങ്ങളാണ്. അത് കൊണ്ട് സര്‍ക്കാര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഉടനെ പിന്തുണ പിന്‍വലിക്കുമെന്ന് ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.