ചെന്നൈ: ദേശീയ വിദ്യഭ്യാസ നയത്തിലെ ത്രിഭാഷാ നയം നടപ്പാക്കാന്‍ തയ്യാറാവാതിരുന്ന തമിഴ്‌നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടിയായി തമിഴ്നാടിന്‍റെ പുതിയ ബജറ്റ് പ്രഖ്യാപനം. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ രേഖകളില്‍ നിന്ന് ഔദ്യോഗികമായ രൂപാ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍. പകരം രൂ എന്ന് തമിഴ് ചിഹ്നമാണ് ഉപയോഗിച്ചിരിക്കുന്നത്. ടീസര്‍ മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക എക്‌സ് എക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് തമിഴ്‌നാട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നാളെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് അവതരണം. അത് ആദ്യമായാണ് ഒരു സംസ്ഥാനം ബജറ്റ് രേഖയില്‍ നിന്ന് കറന്‍സി ചിഹ്നം ഒഴിവാക്കുന്നത്. ‘തമിഴ്‌നാടിന്റെ സമഗ്ര വികസനവും സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനവും ഉറപ്പാക്കുകയാണ് എന്നാണ് സ്റ്റാലിന്‍ ടീസറിനോട് കൂടെ കുറിച്ചിരിക്കുന്നത്. കൂടെ രണ്ട് ദ്രവീഡീയന്‍ മോഡല്‍, ടിഎന്‍ ബജറ്റ് 2025 എ്‌ന് ഹാഷ്ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്.
അതേ സമയം കറന്‍സി ചിഹ്നം ഒഴിവാക്കിയതിനെതിരെ ബിജെപി നേതൃത്വം സംസ്ഥാനം ഘടകവും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ ഭിന്നമായ നിലപാടാണ് തമിഴ്‌നാട് സ്വകരിച്ചിരിക്കുന്നതെന്ന ബിജെപി ദേശീയ നേതൃത്വം കുറ്റപ്പെടുത്തി. തമിഴ്‌നാട് ഡിഎംകെ നേതാവിന്റെ മകന്‍ ഐഐടി ഗുവാഹത്തി പ്രഫസര്‍ ഉദയ കുമാര്‍ ധര്‍മലിംഗമാണ് രൂപയുടെ ഔദ്യോഗിക ചിഹ്നം രൂപകല്‍പ്പന ചെയ്തത്. അത് ഭാരതം സ്വീകരിക്കുകയായിരുന്നു. ബജറ്റ് രേഖയില്‍ നിന്ന് ഇത് നീക്കിയതോടെ സ്റ്റാലിന്‍ തമിഴരെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയും സ്റ്റാലിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.