അമേരിക്കയും സഊദിയും മള്‍ട്ടി ബില്യന്‍ കരാറില്‍ ഒപ്പ് വെച്ചു.
റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പര്യടനത്തിന് തുടക്കമായി. ചരിത്രപരമായ യാത്രയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഗസ്സയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പടെ പല വിഷയങ്ങളും വ്യത്യസ്ഥ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും. സഊദിയിലെത്തിയ അദ്ദേഹത്തെ സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ചൊവ്വാഴ്ച്ച പത്ത് മണിയോടെ സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ട്രംപിന്‍റെ വിമാനത്തിന് സഊദി വ്യോമസേനയുടെ എഫ്-15 വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തിലെത്തിയത്.
വെള്ളിയാഴ്ച്ച വരെ നീളുന്ന നാല് ദിവസത്തെ യാത്രയില് ഖത്തറും യുഎഇയും സന്ദര്‍ശിക്കും. നാളെ നടക്കുന്ന യുഎസ് അറബ് ഉച്ച കോടിയിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് സഊദിയില്‍ ബില്ല്യന്‍ ഡോളറിന്‍റെ പലവിധ കരാറില്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒപ്പുവെച്ചു.
വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ നിന്ന് അദ്ദേഹം സഊദി രാജ കൊട്ടാരത്തിലെത്തി. ഗംഭീര സ്വീകരണമായിരുന്നു പാലസില്‍ ഒരുക്കിവെച്ചിരുന്നത്. ഉച്ചക്ക് നടന്ന വിരുന്നില്‍ ലോകത്തിന്‍റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇലോണ്‍ മസ്‌ക്, മാര്‍ക് സുക്കര്‍ബര്‍ഗ്, സാം ആള്‍ട്മാന്‍, ജേന്‍ ഫ്രേസര്‍, ലാറി ഫിങ്ക് തുടങ്ങിയ നേതാക്കളായിരുന്നു അതിഥികളായുണ്ടായിരുന്നത്.
രണ്ടാം ഊഴത്തില്‍ ഭരണത്തിലേറയി ട്രംപിന്‍റെ ആദ്യത്തെ മിഡില്‍ ഈസ്റ്റ് പര്യടനമാണിത്. രണ്ട് ഊഴങ്ങളിലായി രണ്ടാം തവണയാണ് അദ്ദേഹം സഊദി സന്ദർശിക്കുന്നത്. നാളെ നടക്കുന്ന ഉച്ച കോടി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് കാണുന്നത്. ഗസ്സയിലെ വെടിനിര്‍ത്തലടക്കം ഭാവി കാര്യങ്ങളും ഇതില്‍ ചര്‍ച്ചയാവും.