ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ശക്തമായ താക്കീതോടെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ‘ഭീകരവാദികളുടെ സഹോദരി’ എന്ന പരാമര്‍ശമായിരുന്നു മന്ത്രി വിജയ് ഷാ സാംസ്‌കാരിക പരിപാടിയില്‍ പ്രയോഗിച്ചത്. സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്‍വിവാദമായതിന്‍റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിയോട് എഫ് ഐ ആര്‍ രേഖപ്പെടുത്തി കോടതയില്‍ സമര്‍പ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. വൈകുന്നേരത്തോടെ കേസ് ഫയല്‍ ചെയ്തില്ലെങ്കില്‍ ഐജിക്കെതിരെ കോടതി അലക്ഷ്യക്കേസ് ഫയല്‍ ചെയ്യുമെന്നും കോടതി അറിയിച്ചു.
‘നമ്മുടെ സഹോദരിമാരുടെ സന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ തന്നെ ഉപയോഗിച്ച് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു’ മന്ത്രിയുടെ പരാമര്‍ശം. വാക്കുകള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ മന്ത്രി പിന്നീട് എന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുകയാണെന്നും ഒരിക്കലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ലെന്നും പറഞ്ഞു. രാജ്യത്തിന് അഭിമാനം കൊണ്ടുവന്ന സ്ത്രീയാണ് അവരെന്നും അറിയാതെ വന്ന പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദനച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്നും മന്ത്രി വിശദീകരിച്ചു.
മന്ത്രി വിജയ് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിന്ദൂര്‍ ഓപ്പറേഷനില്‍ ഇന്ത്യയുടെ നിലപാടുകളും വിശദീകരണങ്ങളും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കാന്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനൊപ്പമുണ്ടായിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു.