ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധം ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഇറാന്‍റെ ആണവ കേന്ദ്രത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി ബിബിസിയുള്‍പ്പടെ ഇറാന്‍റെ ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇനിയും തുടരുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ജോര്‍ദാനിലും ജറുസലേമിലും യുദ്ധ സൈറണ്‍ മുഴങ്ങിക്കഴിഞ്ഞു. ആക്രമണത്തെ കുറിച്ച് ഇറാന്‍ ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പും കൂടി വന്നു. ഇതിനേക്കാളും ഭയാനകമാവും അടുത്ത ആക്രമണമെന്നും അതിന് മുമ്പ് ആണവ ഉടമ്പടിക്ക് തയ്യാറാവണമെന്നും യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ആക്രമണത്തില്‍ യുഎസിന് ബന്ധമില്ലെന്ന് നേരത്തെ തന്നെ ട്രംപ് പറഞ്ഞിരുന്നു. ആണവ ചര്‍ച്ചയുടെ അവസാന ഘട്ടത്തിലായിരുന്നു ഇസ്രയേലിന്‍റെ ആക്രമണമെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ അര്‍ദ്ധ രാത്രിയിലായിരുന്നു അപ്രതീക്ഷിതമായി ഇസ്രയേല്‍ ഇറാനിലേക്ക് കടുത്ത ആക്രമണം നടത്തിയത്. ആക്രണത്തില്‍ ഇറാന്‍ പ്രമുഖ സായുധ സേന മേധാവികളടക്കം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇറാന്‍റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഹുസൈന്‍ സലാമിയും, സൈനീക തലവന്മാരായ ഗുലാമലി റാഷിദും ആമിര്‍ അലി ഹാജിസാദേയ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.
ഇതിന് ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി പ്രഖ്യാപിച്ചത്. നരകത്തിന്‍റെ കവാടം ഇസ്രയേലിന് മുന്നില്‍ തുറന്നിടുമെന്ന് പുതിയ മേജര്‍ ജനറല്‍ സയ്യിദ് അബ്ദുല്‍റഹീം മൗസവി അറിയിച്ചു.
ഇന്നലെ നടന്ന ആക്രമണത്തിന് പ്രത്യാഘാതമായി ഇറാന്‍ നൂറു കണക്കിന് ഡ്രോണുകള്‍ ഇസ്രയേലിലേക്ക് അയച്ചു വിട്ടിരുന്നു. പക്ഷേ നാശം വിതയ്ക്കും മുമ്പ് ഇസ്രയേല്‍ എല്ലാം പ്രതിരോധിച്ചു. ഇതിനിടെ യമനില്‍ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി റക്കോറ്റ് ആക്രമണവും നടന്നിട്ടുണ്ട്.