അഹമ്മദാബാദ്: രാജ്യം ഇപ്പോഴും വിമാന ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് മുക്തമായിട്ടില്ല. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അഹമ്മദാബാദ് പോലീസ് മേധാവി മുമ്പേ പറഞ്ഞു കഴിഞ്ഞതാണ്. പുതിയ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. വിമാനം ഇടിച്ചു കയറിയ ബിജെ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നുണ്ട്. അവസാന അറിയിപ്പ് അനുസരിച്ച് 5 മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. ഹോസ്റ്റല്‍ ജീവനക്കാരടക്കം 50 പേര്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായ ആഘാതമുണ്ടായത്.
മരണത്തില്‍ അനുശോചനം അറിയിച്ച് ടാറ്റാ ഗ്രൂപ്പിന്‍റെ പ്രതികരണവും വന്നു. മരിച്ച കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ആശുപത്രിയിലെ മുഴുവന്‍ ചെലവുകളും ടാറ്റാ വഹിക്കുമെന്നും തകരാര്‍ സംഭവിച്ച കെട്ടിടം പൂര്‍വ്വ സ്ഥിതിയിലേക്ക് പുനര്‍നിര്‍മ്മാണം നടത്തുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ടാറ്റ് ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയും രംഗത്ത് വന്നു.
ഏക മലയാളി രഞ്ജിതയുടെ അപ്രതീക്ഷിത മരണം ഇപ്പോഴും കുടംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. രണ്ട് മക്കളുള്ള രഞ്ജിത തനിക്ക് ലഭിച്ച സർക്കാർ ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ വേണ്ടി നാല് ദിവസത്തെ ലീവിനായ് നാട്ടിലെത്തിയതായിരുന്നു. തിരിച്ചുള്ള യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. മകന്‍ ഇന്ദുചൂഡന്‍ പത്താം ക്ലാസിലും മകള്‍ ഇതിക ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. വീട്ടില്‍ കുട്ടികളോടൊപ്പം അമ്മയാണ് താമസിക്കുന്നത്. മരണ വാര്‍ത്തയറിഞ്ഞ് മകള്‍ ഇതികയും അമ്മ തുളസിയും പൊട്ടിക്കരയുന്ന രംഗം മലയാളികളെ ഒന്നടങ്കം വിശമത്തിലാക്കി. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ രഞ്ജിതയുടെ സഹോദരന്‍ ഡി എന്‍ എ ടെസ്റ്റിനായ് നാളെ അഹമ്മദാബാദിലേക്ക് തിരിക്കും. ടെസ്റ്റ് റിസള്‍ട്ടിന് ശേഷമേ മൃതദേഹം വിട്ടു നല്‍കുകയുള്ളു.